India
പരിഭ്രാന്തരാവേണ്ട, പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുക അപൂര്‍വമായി മാത്രമെന്ന് എയിംസ്
India

പരിഭ്രാന്തരാവേണ്ട, പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുക അപൂര്‍വമായി മാത്രമെന്ന് എയിംസ്

Web Desk
|
22 July 2021 11:14 AM GMT

ഇന്നലെ മരിച്ച കുട്ടിയുമായി ബന്ധം പുലർത്തിയ ആർക്കും രോഗലക്ഷണങ്ങളില്ല. കുട്ടിയെ ചികിത്സിച്ച ആരോഗ്യപ്രവർത്തകരും സുരക്ഷിതരാണ്

പക്ഷിപ്പനി ബാധിച്ച് ഇന്ത്യയില്‍ ആദ്യമായി ഒരാൾ മരിച്ചതോടെ ആശങ്കയിലാണ്​ രാജ്യം. അതേസമയം പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് എയിംസ് അധികൃതര്‍ പറയുന്നത്. വളരെ അപൂർവമായി മാത്രമേ പക്ഷിപ്പനി മനുഷ്യനിൽ നിന്ന്​ മനുഷ്യനിലേക്ക്​ പടരൂവെന്ന്​ എയിംസ് മേധാവി രൺദീപ്​ ഗുലേറിയ പറഞ്ഞു. മുന്‍കരുതല്‍ എന്ന നിലയില്‍ രോഗം ബാധിച്ച്​ മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ കണ്ടെത്തി. സമീപത്ത് കോഴികൾ കൂട്ടത്തോടെ ചത്തിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് എയിംസ്​ മേധാവി വ്യക്തമാക്കി.

പക്ഷികളിൽ നിന്ന്​ മനുഷ്യരിലേക്ക്​ പക്ഷിപ്പനി പടരുന്ന സംഭവം തന്നെ അപൂർവമാണ്​. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് വ്യാപകമായി​ രോഗം പടർന്നതായി ഇതുവരെ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ചില ഫാമിലി ക്ലസ്റ്ററുകളിൽ രോഗം പടർന്നതായി റിപ്പോർട്ടുകളുണ്ട്​. എന്നാല്‍ നേരിയ സമ്പര്‍ക്കം കൊണ്ട് രോഗം പകരില്ല. ഇന്നലെ മരിച്ച കുട്ടിയുമായി ബന്ധം പുലർത്തിയ ആർക്കും രോഗലക്ഷണങ്ങളില്ല. കുട്ടിയെ ചികിത്സിച്ച ആരോഗ്യപ്രവർത്തകരും സുരക്ഷിതരാണെന്ന്​ എയിംസിലെ ഡോക്ടര്‍ നീരജ് നിഷാല്‍ പറഞ്ഞു.

ശരിയായ രീതിയിൽ പാകം ചെയ്​ത മാംസം കഴിച്ചാല്‍ പ്രശ്നമില്ല. ഉയർന്ന താപനിലയിൽ ഭക്ഷണം പാകം ചെയ്യുമ്പോള്‍ പക്ഷിപ്പനിയുണ്ടാക്കുന്ന എച്ച്5എന്‍1 വൈറസ്​ നശിക്കും. ദേശാടന പക്ഷികളിലൂടെയാണ് ഫാമുകളിലേക്ക് ഈ വൈറസ് എത്തുന്നത്. ഫാമുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മുന്‍കരുതലെടുക്കണം.

ഇന്നലെ മരണം സംഭവിച്ച ഹരിയാന സ്വദേശിയായ 12 വയസുകാരനെ ജൂലൈ 2നാണ് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ ന്യൂമോണിയ ആയിരുന്നു. ജൂലൈ 12നാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് സാമ്പിള്‍ പരിശോധനക്ക് അയച്ചപ്പോഴാണ് എച്ച്5എന്‍1 സ്ഥിരീകരിച്ചത്.

Related Tags :
Similar Posts