India
aiims
India

എയിംസിലെ സെർവർ ഹാക്കിങ്: ഡാറ്റ വീണ്ടെടുത്തെന്ന് അധികൃതര്‍

Web Desk
|
30 Nov 2022 7:18 AM GMT

ഹാക്കിങിനെ കുറിച്ച് റോ, ഐബി, എൻഐഎ, ഡൽഹി പൊലീസ് എന്നിവർ അന്വേഷിക്കുന്നുണ്ട്

ഡല്‍ഹി: സെർവർ ഹാക്കിങിലൂടെ നഷ്ടപ്പെട്ട ഡാറ്റ വീണ്ടെടുത്തെന്ന് എയിംസ് ആശുപത്രി അധികൃതർ. എന്നാൽ ഡാറ്റ നെറ്റ്‍വർക്കിലാക്കാൻ സമയമെടുക്കുന്നതിനാൽ ഓൺലൈൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇനിയും വൈകും. പ്രവർത്തനങ്ങൾ ഓൺലൈനാകാൻ എയിംസ് ഡി.ആർ.ഡി.ഒയുടെ നാല് സെർവറുകളുടെ സഹായം തേടി.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രികളിൽ ഒന്നായ എയിംസിലെ ഡാറ്റ നഷ്ടമായി എട്ട് ദിവസത്തിന് ശേഷമാണ് തിരികെ ലഭിക്കുന്നത്. ചട്ടം ലംഘിച്ച് സെർവറും ബാക്കപ്പും ഒരിടത്ത് സൂക്ഷിച്ചതാതാണ് വിവരം. ഹാക്കിങിന്‍റെ പശ്ചാത്തലത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയ രണ്ട് സിസ്റ്റം അനലിസ്റ്റുകളെ എയിംസ് സസ്‌പെൻഡ് ചെയ്തു. അതീവ ഗൗരവമുള്ള വിഷയത്തിൽ എയിംസ് അധികൃതരും സർക്കാരും മൗനം പാലിക്കുകയാണെന്ന് വിമർശനമുണ്ട്. ഒപി, ഐപി, ലാബ് പ്രവർത്തനങ്ങൾ ജീവനക്കാർ നേരിട്ടാണ് ഇപ്പോൾ ചെയ്യുന്നത്. മറ്റ് ഇന്റർനെറ്റ്‌ സേവനങ്ങൾക്കുൾപ്പെടെ പൂർണ വിലക്ക് ആശുപത്രിയിൽ ഉണ്ടെന്നാണ് വിവരം.

റാൻസംവെയർ ആക്രമണത്തെ കുറിച്ച് റോ, ഐബി, എൻഐഎ, ഡൽഹി പൊലീസ് എന്നിവർ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിങ്, സോണിയ ഗാന്ധി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങളും വിവിധ ആരോഗ്യ പഠന റിപ്പോട്ടുകളും ലാബ് റിസൾട്ടുകളും അടങ്ങിയ സർവറാണ് ഹാക്ക് ചെയ്യപ്പെട്ടത്.

Similar Posts