ബിഹാറിൽ എ.ഐ.എം.ഐ.എം നേതാവ് വെടിയേറ്റു മരിച്ചു
|ഡിസംബറിനുശേഷം ബിഹാറിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ എ.ഐ.എം.ഐ.എം നേതാവാണ് അബ്ദുല്‍ സലാം
പട്ന: ബിഹാറിൽ ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന്(എ.ഐ.എം.ഐ.എം) നേതാവ് വെടിയേറ്റു മരിച്ചു. ഗോപാൽഗഞ്ചിലാണു പ്രമുഖ നേതാവായ അബ്ദുൽ സലാം കൊല്ലപ്പെട്ടത്. ഡിസംബറിനുശേഷം ബിഹാറിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ എ.ഐ.എം.ഐ.എം നേതാവാണ് സലാം.
2022ൽ ഗോപാൽഗഞ്ചിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അബ്ദുൽ സലാം മത്സരിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ അജ്ഞാതസംഘം ഇദ്ദേഹത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. ബന്ധുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു മോട്ടോർ സൈക്കിളിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്. വെടിയേറ്റു വീണതിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഗോപാൽഗഞ്ച് പൊലീസ് സുപ്രണ്ട് സ്വർണ പ്രഭാത് അറിയിച്ചു. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാവിന്റെ കൊലപാതകത്തിൽ ബിഹാർ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ''കഴിഞ്ഞ ഡിസംബറിൽ ഞങ്ങളുടെ സിവാൻ ജില്ലാ പ്രസിഡന്റ് വെടിയേറ്റു മരിച്ചു. കസേരക്കളിയിൽ വിജയിച്ച ശേഷം എന്തെങ്കിലും പണിയെടുക്കണമെന്നാണ് നിതീഷ് കുമാറിനോട് പറയാനുള്ളത്. എന്തുകൊണ്ടാണ് ഞങ്ങളുടെ നേതാക്കൾ മാത്രം ആക്രമണത്തിനിരയാകുന്നത്? അവരുടെ കുടുംബത്തിനു നീതി ലഭിക്കുമോ?''-ഉവൈസി ചോദിച്ചു.
Summary: AIMIM leader Abdul Salam shot dead in Bihar's Gopalganj