India
AIMPLB to oppose Uniform Civil Code more strongly,  All India Muslim Personal Law Board on Uniform Civil Code, AIMPLB, Uniform Civil Code, Narendra Modi
India

'ഏക സിവിൽകോഡിനു പിന്നിൽ രാഷ്ട്രീയലക്ഷ്യം, ശക്തമായി എതിര്‍ക്കും'; നിയമകമ്മിഷനെ സമീപിക്കാന്‍ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ്

Web Desk
|
28 Jun 2023 4:50 AM GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശത്തിനു പിന്നാലെ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ് അടിയന്തര യോഗം വിളിച്ചുചേർത്തു

ന്യൂഡൽഹി: ഏക സിവിൽകോഡിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിനു പിന്നാലെ അടിയന്തര യോഗം വിളിച്ച് ആൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ്. ഏക സിവിൽകോഡിനെ പൂർണമായും എതിർക്കുമെന്ന് ബോർഡ് അറിയിച്ചു. നിയമ കമ്മിഷനുമുന്നിൽ ബോർഡിന്റെ നിലപാട് അറിയിക്കുമെന്നും നേതാക്കൾ അറിയിച്ചു.

രാജ്യം ഏക സിവിൽകോഡിലേക്ക് നീങ്ങുന്നതിന്റെ സൂചന നൽകിക്കൊണ്ടുള്ള മോദിയുടെ പ്രസ്താവന വന്നതിനു പിറകെയാണ് പേഴ്‌സനൽ ലോ ബോർഡ് ഓൺലൈനായി നിർവാഹക സമിതി യോഗം വിളിച്ചുചേർത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുസ്‌ലിം നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഏക സിവിൽ കോഡ് അനാവശ്യവും അപ്രായോഗികവും ബഹുസ്വരമായ രാഷ്ട്രത്തിന് തീർത്തും ഹാനികരവുമാണെന്ന് യോഗത്തിനുശേഷം ബോർഡ് വാർത്താകുറിപ്പിൽ പ്രതികരിച്ചു. അനാവശ്യമായ കാര്യത്തിനുവേണ്ടി രാജ്യത്തിന്റെ വിഭവങ്ങൾ പാഴാക്കുകയും സമൂഹത്തിൽ കുഴപ്പങ്ങൾ വിളിച്ചുവരുത്തരുതെന്നും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടിയാണ് ഏക സിവിൽകോഡ് നടപ്പാക്കുന്നതെന്ന് പേഴ്‌സനൽ ബോർഡ് അധ്യക്ഷൻ ഖാലിദ് സൈഫുല്ല റഹ്മാനി ആരോപിച്ചു. 2024ലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് വിഷയം ഉയർത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ കുടുംബനിയമങ്ങളിൽ ഇടപെടുന്നതിൽനിന്ന് ഭരണഘടനയുടെ 371(എ), 371(ജി) വകുപ്പുകൾ പാർലമെന്റിനെ വിലക്കിയിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ഭരണഘടനയും സുപ്രിംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നലെ ഭോപ്പാലിൽ നടന്ന ബി.ജെ.പി പരിപാടിയില്‍ മോദി പറഞ്ഞത്. രണ്ടു നിയമവുമായി രാജ്യം എങ്ങനെ മുന്നോട്ടുപോകുമെന്ന് മോദി ചോദിച്ചു. ഏക സിവിൽ കോഡ് വിഷയത്തിൽ ഇതാദ്യമായാണ് പ്രധാനമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

'ആളുകളെ ഏക സിവിൽ കോഡിന്‍റെ പേരിൽ ഇളക്കിവിടുകയാണ്. ഒരു വീട്ടിൽ രണ്ടു നിയമമുണ്ടെങ്കിൽ വീട് നടന്നുപോകുമോ? അപ്പോൾ പിന്നെ രണ്ട് നിയമവുമായി എങ്ങനെ രാജ്യം മുന്നോട്ടുപോകും? ഭരണഘടന തുല്യാവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രിംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ (പ്രതിപക്ഷം) വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്'-പ്രസംഗത്തില്‍ മോദി ആരോപിച്ചു.

സ്വന്തം ലാഭത്തിനു വേണ്ടി തങ്ങളെ ഇളക്കി വിടുന്നവരെ മുസ്‌ലിംകൾ മനസ്സിലാക്കണം. ഞങ്ങൾ ഭരണഘടനയ്ക്ക് അകത്തുനിന്നാണ് പ്രവർത്തിക്കുന്നത്. ഏക സിവിൽ കോഡ് കൊണ്ടുവരാനും നടപ്പാക്കാനും ഭരണഘടന അനുശാസിക്കുന്നുണ്ട്. അതു കൊണ്ടുവരും. സാമൂഹികനീതിയുടെ പേരിൽ വോട്ട് തേടുന്നവർ ഗ്രാമങ്ങളോടും ദരിദ്രവിഭാഗങ്ങളോടും വലിയ അനീതിയാണ് ചെയ്തിട്ടുള്ളതെന്നും മോദി കുറ്റപ്പെടുത്തി.

Summary: All India Muslim Personal Law Board(AIMPLB) held an emergency online meeting and decided to oppose Uniform Civil Code more strongly

Similar Posts