രക്ഷാദൗത്യത്തിന് മിഗ് 17 ഹെലികോപ്ടറുകൾ; പ്രധാനമന്ത്രി ഒഡീഷയിലേക്ക്
|രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് എൻ.ഡി.ആർ.എഫ്
ഭുവനേശ്വർ: രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഒൻപത് ദേശീയ ദുരന്ത നിവാരണ സംഘങ്ങളാണ്(എൻ.ഡി.ആർ.എഫ്) രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. മിഗ് 17 ഹെലികോപ്ടറുകളും ദുരന്തസ്ഥലത്തേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് വ്യോമസേന. അതിനിടെ, പ്രധാമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലെ അപകടം നടന്ന ബാലസോറിലേക്ക് തിരിച്ചിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അപകടസ്ഥലത്തെത്തും.
രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നാണ് എൻ.ഡി.ആർ.എഫ് അറിയിച്ചത്. രക്ഷാദൗത്യം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. ഇടിച്ചുകയറിയ ബോഗികളിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നത് ദുഷ്‌ക്കരമായ ജോലിയാമെന്നും എൻ.ഡി.ആർ.എഫ് അറിയിച്ചു. ഒഡീഷയിൽനിന്നുള്ള ഏഴും പശ്ചിമ ബംഗാളിലെ രണ്ടും എൻ.ഡി.ആർ.എഫ് സംഘങ്ങളാണ് രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. 300 പേരാണ് സംഘത്തിലുള്ളത്.
സൈന്യത്തിന്റെ കിഴക്കൻ കമാൻഡിൽനിന്നുള്ള സൈനികർ ബാലസോറിലെത്തിയിട്ടുണ്ട്. സേനയുടെ മെഡിക്കൽ, എൻജിനീയറിങ് സംഘങ്ങളെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അപകടം ചർച്ചചെയ്യാൻ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലം സന്ദർശിക്കുകയും സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 280 പേർ പേർ മരിച്ചതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അപകടം നടന്ന സ്ഥലത്തെത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ആറ് സംഘങ്ങൾ കൂടി എത്തിയിട്ടുണ്ട്. സിഗ്‌നൽ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ഇനിയും കൂടുതൽ പേർ ബോഗികൾക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രാവിലെയും തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി 200 ആംബുലൻസുകൾകൂടി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 45 ആരോഗ്യസംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 50 ഡോക്ടർമാർകൂടി പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയിട്ടുണ്ട്. അയൽസംസ്ഥാനമായ ബംഗാളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നുണ്ട്. അതിനിടെ, ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴു മണിയോടെ രാജ്യത്തിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്ന് സംഭവിച്ചത്. ഒഡീഷയിലെ ബഹനഗറിലാണ് മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട അപകടം. ബാലസോർ ജില്ലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു അപകടങ്ങൾ. ഒരേസമയത്ത് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടു. ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 7.20 നായിരുന്നു ആദ്യ ട്രെയിൻ അപകടം. കൊൽക്കത്തയിൽനിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡൽ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ കോറമാണ്ഡൽ എക്‌സ്പ്രസിന്റെ 12 ബോഗികൾ പാളംതെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൗറ ട്രെയിൻ ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പൂർ-ഹൗറ എക്പ്രസിന്റെ നാല് ബോഗികളും പാളം തെറ്റുകയായിരുന്നു.
Summary: The Air Force is preparing to send MiG-17 helicopters to the disaster site for rescue operations in the Odisha train tragedy. Prime Minister Narendra Modi has left for Balasore in Odisha