India
വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്ത് യാത്രക്കാരൻ;  ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
India

വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്ത് യാത്രക്കാരൻ; ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

Web Desk
|
10 April 2023 6:24 AM GMT

യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു

ന്യൂഡൽഹി: യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ഡൽഹി -ലണ്ടൻ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് വിമാനം പുറപ്പെട്ടതിന് ശേഷമാണ് തിരിച്ചറിക്കിയത്. യാത്രക്കാരൻ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളോട് ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.വിമാനയാത്രക്കാരനെ ഇറക്കിവിടുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

രാവിലെ ആറു മണിയോടെ പറന്നുയർന്ന വിമാനമാണ് അരമണിക്കൂറിനുള്ളിൽ ലാൻഡ് ചെയ്തത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ഒരു യാത്രക്കാരന്റെ അനിയന്ത്രിതമായ പെരുമാറ്റം കാരണം ടേക്ക് ഓഫ് കഴിഞ്ഞ് ഉടൻ ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയായി എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ഇയാൾ കാബിൻ ക്രൂ അംഗങ്ങൾ പറഞ്ഞതൊന്നും അനുസരിച്ചില്ലെന്നും തുടർന്ന് ജീവനക്കാരെ ശാരീരികമായി ഉപദ്രവിക്കുന്നത് വരെ കാര്യങ്ങൾ എത്തിയെന്നും എയർ ഇന്ത്യയുടെ പരാതിയിൽ പറയുന്നു. തുടർന്നാണ് പൈലറ്റ് ഇൻ കമാൻഡ് ഡൽഹിയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.

ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സഹയാത്രികക്ക് മേൽ മൂത്രമൊഴിച്ച സംഭവം ഏറെ ചർച്ചയായതിന് പിന്നാലെ വിമാനത്തിൽ യാത്രക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് വലിയ ചർച്ചയും നടന്നിരുന്നു. യാത്രക്കാർക്ക് വേണ്ടി ചില എയർലൈനുകൾ കർശന നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

വിമാനത്തിലുള്ള എല്ലാവരുടെയും സുരക്ഷയും സുരക്ഷയും അന്തസ്സും എയർ ഇന്ത്യയ്ക്ക് പ്രധാനമാണെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് വിമാനം വീണ്ടും ലണ്ടനിലേക്ക് പറക്കും.



Similar Posts