എയർ ഇന്ത്യ എക്സ്പ്രസ്സിലെ സമരം പിൻവലിച്ചു; ജീവനക്കാരെ തിരിച്ചെടുക്കും
|സെൻട്രൽ ലേബർ കമ്മീഷൻ വിളിച്ച യോഗത്തിലാണ് തീരുമാനം
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് തൊഴിലാളി യൂണിയന് ഉറപ്പ് നൽകി.
ജീവനക്കാർ ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും കമ്പനി ഉറപ്പു നൽകി. ഇതോടെ സമരം പിൻവലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച ഡൽഹിയിൽ റീജ്യനൽ ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ മാനേജ്മെന്റ് പ്രതിനിധികളും എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂനിയൻ പ്രതിനിധികളും നടത്തിയ യോഗത്തിലാണ് സമവായമുണ്ടായത്.
സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ, ഇതിനോടകം അവധിയെടുത്തവർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ഉടൻ ജോലിയിൽ പ്രവേശിക്കും. അതേസമയം, മേയ് 28ന് സെൻട്രൽ ലേബർ കമ്മീഷന്റെ നേതൃത്വത്തിൽ വീണ്ടും ചർച്ച നടത്താനും തീരുമാനമായി. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ മാനേജ്മെന്റ് പ്രതിനിധികളും യൂണിയനും ഒപ്പുവച്ചു.