India
Air India extends suspension of flights to Tel Aviv until further notice
India

ഇസ്രായേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് നീട്ടി എയർ ഇന്ത്യ

Web Desk
|
9 Aug 2024 12:20 PM GMT

തെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകും.

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാധ്യതാ പശ്ചാത്തലത്തിൽ ഇസ്രായേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് നീട്ടി എയർ ഇന്ത്യ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തെൽ അവീവിലേക്കുള്ള സർവീസ് നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. നേരത്തെ ആ​ഗസ്റ്റ് എട്ടു വരെ എയർ ഇന്ത്യ സർവീസ് നിർത്തിവച്ചിരുന്നു. ഇതാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്.

'മിഡിൽ ഈസ്റ്റിൻ്റെ ചില ഭാഗങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് തെൽ അവീവിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ വിമാനങ്ങളുടെ ഷെഡ്യൂൾ ചെയ്ത ഓപ്പറേഷൻ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി"- എയർ ഇന്ത്യ എക്‌സിൽ കുറിച്ചു.

'അവിടുത്തെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണ്. തെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകും. ഞങ്ങളുടെ അതിഥികളുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്ക് ഞങ്ങൾ മുൻ​ഗണന നൽകുന്നു'- എയർ ഇന്ത്യ അറിയിച്ചു.

വിമാനം റദ്ദാക്കലുകളെക്കുറിച്ചും റീഫണ്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് 011-69329333/011-69329999 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാമെന്നും എയർ ഇന്ത്യ അറിയിച്ചു.

നേരത്തെ, ആഗസ്റ്റ് രണ്ടിനായിരുന്നു ഇസ്രായേലിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചത്. ജൂലൈ 31ന് തെഹ്‌റാനിലുണ്ടായ ആക്രമണത്തിൽ ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയയും അദ്ദേഹത്തിൻ്റെ അംഗരക്ഷകനും കൊല്ലപ്പെട്ടതിനു പിന്നാലെ, ഇസ്രായേലും ഇറാനും തമ്മിലുള്ള തർക്കം വർധിച്ചിരിക്കുകയാണ്. ഇത് മുൻനിർത്തിയാണ് എയർ ഇന്ത്യ തീരുമാനം.

നേരത്തെ, ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യ ജാ​ഗ്രതാ നിർദേശം നൽകിയിരുന്നു. മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക ഭരണകൂടത്തിന്റെ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനുമാണ് ഇന്ത്യൻ എംബസി നിർദേശിച്ചത്. രാജ്യത്തിനകത്തു തന്നെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിതസ്ഥാനങ്ങളിൽ കഴിയണമെന്നും നിർദേശിച്ചിരുന്നു.



Similar Posts