'ഒരു ആഭ്യന്തര സർവീസ് പോലും കൈകാര്യ ചെയ്യാനാവില്ലേ?'; എയർ ഇന്ത്യക്ക് വീണ്ടും വിമർശനം
|ഇന്ന് പുറപ്പെടേണ്ട വിമാനം രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് തവണ സമയം മാറ്റിയതായി യുവാവ്
എയർ ഇന്ത്യയുടെ കെടുകാര്യസ്ഥതയെ തുടർന്ന് തനിക്ക് ഫ്‌ളൈറ്റ് നഷ്ടപ്പെട്ടതായി എക്‌സിൽ യുവാവിന്റെ കുറിപ്പ്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന ബംഗളൂരു-മുംബൈ വിമാനം രണ്ട് തവണ സമയം മാറ്റിയതിനെ തുടർന്ന് തനിക്ക് യാത്ര ചെയ്യാനായില്ലെന്നാണ് 'ദി കയ്പുള്ളയ്' എന്ന യൂസർ കുറിച്ചിരിക്കുന്നത്. ഒരു ആഭ്യന്തര സർവീസ് പോലും കൈകാര്യം ചെയ്യാനാവില്ലേ എന്ന് ഇയാൾ എയർ ഇന്ത്യയെ വിമർശിക്കുകയും ചെയ്യുന്നുണ്ട് കുറിപ്പിൽ.
കുറിപ്പിന്റെ പൂർണരൂപം:
"ഇന്ന് 9 മണിക്കായിരുന്നു ഫ്‌ളൈറ്റ് ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ പുലർച്ചെ 5.15ന് ഫ്‌ളൈറ്റ് സമയം 11.45ലേക്ക് മാറ്റിയതായി അറിയിച്ച് ഒരു മെസേജ് വന്നു. തുടർന്ന് ആ സമയത്തേക്കായി തയ്യാറെടുപ്പ്, യാത്ര പുറപ്പെട്ടിരുന്നെങ്കിലും വീട്ടിലേക്ക് തിരിച്ചു വന്നു. എന്നാൽ രാവിലെ തന്നെ മറ്റൊരു മെസേജ് എത്തി - ഫ്‌ളൈറ്റിന്റെ സമയം രാവിലെ 9.25ലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു എന്ന്. ഇനിയിപ്പോൾ എങ്ങനെ ഞാനാ ഫ്‌ളൈറ്റിൽ കയറും? എന്തൊരു കെടുകാര്യസ്ഥതയാണിത്? നിസാരമൊരു ആഭ്യന്തര ഫ്‌ളൈറ്റ് പോലും കൈകാര്യം ചെയ്യാൻ നിങ്ങൾക്കാവില്ലേ?"
ഫ്‌ളൈറ്റ് സമയം മാറ്റിയതറിയിച്ച് എയർ ഇന്ത്യ അയച്ച മെസേജുകളുടെ സ്‌ക്രീൻ ഷോട്ടുകളും യുവാവ് പങ്കുവച്ചിട്ടുണ്ട്. യുവാവിന്റെ കുറിപ്പ് വൈറലായതോടെ ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ രംഗത്തെത്തി. മറ്റൊരു ഫ്‌ളൈറ്റിൽ യാത്രയോ റീഫണ്ടോ നൽകാൻ തയ്യാറാണെന്നാണ് കമ്പനിയുടെ പ്രതികരണം.
സംഭവത്തിൽ രൂക്ഷവിമർശനമാണ് കമ്പനി നേരിടുന്നത്. സമാനരീതിയിൽ എയർ ഇന്ത്യയിൽ നിന്ന് ദുരനുഭവം ഉണ്ടായ എല്ലാവരും തന്നെ വിമർശനവും പരിഹാസവുമായി രംഗത്തെത്തി. എയർ ഇന്ത്യയുടെ ഇത്തരം സമീപനം കാരണം ഇവരുടെ ഫ്‌ളൈറ്റിൽ യാത്ര ചെയ്യുന്നത് നിർത്തി എന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം. കമ്പനിയുടെ ഷെഡ്യൂളിംഗ് സിസ്റ്റം ദയനീയമാണെന്ന് മറ്റൊരാളും കുറിച്ചു.