വിസ്താരയും എയർ എഷ്യയും ഏറ്റെടുക്കാൻ നീക്കം; ആഭ്യന്തര വ്യോമഗതാഗതം പിടിച്ചെടുക്കാനൊരുങ്ങി എയർ ഇന്ത്യ
|എയർ ഇന്ത്യ ഏറ്റെടുത്തതിനു പിന്നാലെ വിസ്താര എയർലൈൻസിൽ ആണ് ഇപ്പോൾ ടാറ്റാ സൺസിന് കണ്ണുള്ളത്. നിലവിൽ വിസ്താരയുടെ 51% ഓഹരികൾ ടാറ്റാ സൺസിന്റെ കൈവശവും 49% ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റെ കൈവശവുമാണുള്ളത്.
ന്യൂഡൽഹി: ഇന്ത്യയിലെ ആഭ്യന്തര വ്യോമഗതാഗതരംഗം പിടിച്ചെടുക്കാനൊരുങ്ങി എയർ ഇന്ത്യ. സിംഗപ്പൂർ എയർലൈൻസിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള വിസ്താര ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് എയർ ഇന്ത്യ തുടക്കം കുറിച്ചത്. എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാൻ അനുമതി തേടി ആന്റി ട്രസ്റ്റ് റഗുലേറ്റർ കമ്മീഷനെയും എയർ ഇന്ത്യ സമീപിച്ചിട്ടുണ്ട്.
എയർ ഇന്ത്യ ഏറ്റെടുത്തതിനു പിന്നാലെ വിസ്താര എയർലൈൻസിൽ ആണ് ഇപ്പോൾ ടാറ്റാ സൺസിന് കണ്ണുള്ളത്. നിലവിൽ വിസ്താരയുടെ 51% ഓഹരികൾ ടാറ്റാ സൺസിന്റെ കൈവശവും 49% ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റെ കൈവശവുമാണുള്ളത്. വിമാന യാത്രക്കാരുടെ എണ്ണത്തിൽ 97.9% ഇടിവാണ് സിംഗപ്പൂർ എയർലൈൻസ് കഴിഞ്ഞ സാമ്പത്തിക വർഷം നേരിട്ടത്. എയർ ഇന്ത്യയുടെ നഷ്ടമാകട്ടെ 5422 കോടി രൂപയും. ഈ സാഹചര്യത്തിലാണ് വിസ്താരയെ പൂർണമായും സ്വന്തമാക്കാൻ എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്തിനുള്ളിൽ രാജ്യത്തെ മൊത്തം ആഭ്യന്തര വിമാനയാത്രാ വരുമാനത്തിന്റെ 18.7% ലഭിച്ചത് വിസ്താരയ്ക്കാണ്. ലയനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ 2023 ഡിസംബർ വരെ സിംഗപ്പൂർ എയർലൈൻസ് സമയം ചോദിച്ചിട്ടുണ്ട്. എന്നാൽ ലയനത്തിന്റെ സൂചന നൽകിയാണ് മുൻ സിംഗപ്പൂർ എയർലൈൻസ് സ്‌കൂട്ടിന്റെ സിഇഒ ആയിരുന്ന കെമ്പെൽ വിൽസണെ എയർ ഇന്ത്യ സിഇഒ ആക്കിയത്. എയർ ഏഷ്യ ഇന്ത്യയുടെ നല്ലൊരു വിഭാഗം ഓഹരികളും ടാറ്റാ സൺസിന്റെ ഉടമസ്ഥതയിൽ ആണ്. മലേഷ്യൻ കമ്പനിയായ എയർ ഏഷ്യയുടെ ഇന്ത്യൻ ഉപകമ്പനി എയർ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാൻ ടാറ്റാ സൺസ് ആന്റി ട്രസ്റ്റ് റഗുലേറ്റർ കോമ്പറ്റീഷൻ കമ്മീഷന്റെ അനുമതി തേടിയിരുന്നു.