വിമാനം വൈകിയതിന് എയർ ഇന്ത്യക്ക് വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്
|എ.സി അടക്കമുള്ളവ പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാർ ബോധരഹിതരായി വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
ന്യൂഡൽഹി: ഡൽഹി-സാൻഫ്രാൻസിസ്‌കോ വിമാനം 24 മണിക്കൂർ വൈകിയതിൽ എയർ ഇന്ത്യക്ക് വ്യോമയാന മന്ത്രാലയം നോട്ടീസ് അയച്ചു. എ.ഐ 183 എന്ന വിമാനമാണ് വൈകിയത്. യാത്രക്കാർ വിമാനത്തിനകത്തെത്തിയതിന് ശേഷമാണ് പുറപ്പെടാൻ വൈകിയത്.
എ.സി അടക്കമുള്ളവ പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാർ ബോധരഹിതരായി വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ചിലർ എയ്‌റോബ്രിഡ്ജ് ഇടനാഴിയിൽ കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
200 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നു. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 3.30 നാണ് പുറപ്പെടേണ്ടിയിരുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്ന് വിമാനത്തിൽ നിന്നും യാത്രക്കാരെ പുറത്തിറക്കി. എന്നാൽ വിമാനത്താവളത്തിലേക്ക് കയറാൻ ഗേറ്റുകൾ തുറക്കുന്നതും കാത്ത് ഒരു മണിക്കൂറോളം എയ്‌റോബ്രിഡ്ജിൽ യാത്രക്കാർക്ക് കാത്തിരിക്കേണ്ടി വന്നു. ഇന്ന് ഉച്ചക്ക് ശേഷം വിമാനം പുറപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കി.
50 ഡിഗ്രി സെൽഷ്യസിനടുത്ത് താപനില രേഖപ്പെടുത്തുന്ന ഡൽഹിയിൽ യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ വിമാനക്കമ്പനിയോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.