India
എയർ ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടറായി കാംബെൽ വിൽസണെ നിയമിച്ചു
India

എയർ ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടറായി കാംബെൽ വിൽസണെ നിയമിച്ചു

Web Desk
|
12 May 2022 2:01 PM GMT

നേരത്തെ സി.ഇ.ഒയായി തുർക്കിയിലെ മെഹ്മത് ഇൽകർ അയ്ജിയെ നിയമിച്ചെങ്കിലും വിവാദമായതോടെ അദ്ദേഹം ആ ഓഫർ നിരസിക്കുകയായിരുന്നു

ഡൽഹി: എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) മാനേജിങ് ഡയറക്ടറുമായി കാംബെൽ വിൽസണെ ടാറ്റ സൺ നിയമിച്ചു. നിലവില്‍ സിംഗപ്പൂർ എയർലൈൻസിന്റെ ഉപസ്ഥാപനമായ സ്‌കൂട്ടിന്റെ സി.ഇ.ഒയാണ് വിൽസൺ. വ്യാഴാഴ്ചയാണ് വിൽസണിനെ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായി നിയമച്ചതായി ടാറ്റ സൺസ് ഔദ്യോഗികമായി അറിയിച്ചത്.

50 കാരനായ അദ്ദേഹത്തിന് 26 വർഷത്തെ വ്യോമയാന വ്യവസായ വൈദഗ്ധ്യമുണ്ടെന്നും എയർ ഇന്ത്യ ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. ' ഏഷ്യയിൽ ഒരു എയർലൈൻ ബ്രാൻഡ് നിർമ്മിച്ചതിന്റെ അധിക അനുഭവം എയർ ഇന്ത്യയ്ക്ക് പ്രയോജനപ്പെടും. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായി കാത്തിരിക്കുകയാണെന്നും എൻ.ചന്ദ്രശേഖരൻ പറഞ്ഞു.

1996 ൽ ന്യൂസിലാൻഡിൽ സിംഗപ്പൂർ എയർലൈൻസിൻ്റെ മാനേജ്മെന്റ് ട്രെയിനിയായാണ് വിൽസൺ കരിയർ ആരംഭിച്ചത്. പിന്നീട് കാനഡ, ഹോങ്കോംഗ്, ജപ്പാൻ എന്നിവിടങ്ങളിൽ സിംഗപ്പൂർ എയർലൈൻസിനായി ജോലി ചെയ്തു. 2016 വരെ സ്‌കൂട്ടിന്റെ സ്ഥാപക സിഇഒ ആയി സിംഗപ്പൂരിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് സിംഗപ്പൂർ എയർലൈൻസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡൻ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.


എയർ ഇന്ത്യയുടെ സിഇഒ ആയി തുർക്കിയിലെ മെഹ്മത് ഇൽകർ അയ്ജിയെ നിയമിക്കുമെന്നാണ് നേരത്തെ കമ്പനി അറിയിച്ചിരുന്നത്. എന്നാൽ ആ നിയമനത്തെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. തുർക്കി പൗരനെ എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നതിനെതിരെ ആർ.എസ്.എസ് സംഘനകൾ രംഗത്തെത്തിയിരുന്നു. തുർക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് തയ്യിപ് എർദോഗനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്കാജനകമാണെന്ന് പറഞ്ഞ് ആർ.എസ്.എസ്-അഫിലിയേറ്റ് സംഘടനയായ സ്വദേശി ജാഗരൺ മഞ്ച്( എസ്.ജെ.എം) കോർഡിനേറ്റിംഗ് കൺവീനർ അശ്വനി മഹാജൻ രംഗത്തെത്തുകയും ചെയ്തിരുന്നു.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനവും മാനേജിങ് ഡയറക്ടർ സ്ഥാനവും ഏറ്റെടുക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് അയ്ജി ഓഫർ നിരസിക്കുന്നതായി അറിയിച്ചത്. തന്റെ നിയമനത്തെ ഇന്ത്യൻ മാധ്യമങ്ങൾ 'നിറം' നൽകിയതായും അത്തരമൊരു ആഖ്യാനത്തിന്റെ നിഴലിൽ സ്ഥാനം സ്വീകരിക്കുന്നത് പ്രായോഗികമോ മാന്യമായ തീരുമാനമായിരിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സർക്കാർ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ തലേസ് പ്രൈവറ്റ് ലിമിറ്റഡിന് 18,000 കോടി രൂപയ്ക്ക് വിറ്റത്. ടാറ്റയ്ക്ക് ലഭിക്കാനിരിക്കുന്ന എയർലൈനിന്റെ 141 വിമാനങ്ങളിൽ 42 എണ്ണം പാട്ടത്തിനെടുത്ത വിമാനങ്ങളാണ്.

Similar Posts