വായു മലിനീകരണം: ഡൽഹിയിലെ സ്കൂളുകൾ അടക്കും
|സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്
വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ സ്കൂളുകൾ വീണ്ടും അടച്ചിടും. സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. മലിനീകരണത്തിനിടയിൽ തിങ്കളാഴ്ച സ്കൂളുകൾ തുറന്നിരുന്നു. എന്നാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ പ്രവർത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം. അന്തരീക്ഷ മലിനീകരണം തടയാൻ സ്വീകരിച്ച നടപടികളിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിലെ മലിനീകരണം സംബന്ധിച്ച ഹരജി പരിഗണിക്കവേയായിരുന്നു കോടതി ഇടപെടൽ. നാലാം ആഴ്ചയാണ് ഹരജി പരിഗണിക്കുന്നത്, അതിനാൽ സമയം പാഴാകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞിരുന്നു.
വായു മലിനീകരണം കുറയ്ക്കാനുള്ള നിർദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കർമസേന രൂപീകരിക്കുമെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു. സംസ്ഥാനങ്ങൾ 48 മണിക്കൂറിനകം നിർദേശങ്ങൾ നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 405 ആണെന്ന് സോളിസിറ്റർ ജനറൽ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. വായു മലിനീകരണം തടയാനുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കാത്ത സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ കേന്ദ്രത്തോട് ചോദിച്ചു. വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങളിൽ നിന്ന് വിശദീകരണം തേടാമെന്നും കോടതി വ്യക്തമാക്കി. നടപടിയെടുക്കുന്നുവെന്ന് കേന്ദ്രസർക്കാർ പറയുന്നു, പക്ഷെ വായു മലിനീകരണം വർധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വായു മലിനീകരണം കുറച്ചു കൊണ്ട് വരാനുള്ള നടപടികൾ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.