India
എയർ സുവിധ പിന്‍വലിച്ചു; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം
India

എയർ സുവിധ പിന്‍വലിച്ചു; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

Web Desk
|
21 Nov 2022 4:38 PM GMT

ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്തിൽ മാസ്‌ക് നിർബന്ധമാക്കിയുള്ള ഉത്തരവും നേരത്തെ കേന്ദ്രം പിൻവലിച്ചിരുന്നു

ന്യൂഡൽഹി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് നിർബന്ധമാക്കിയിരുന്ന എയർ സുവിധ രജിസ്‌ട്രേഷൻ പിൻവലിച്ചു. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി.

വിദേശയാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് നടപടി. ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്തിൽ മാസ്‌ക് നിർബന്ധമാക്കിയുള്ള ഉത്തരവും നേരത്തെ കേന്ദ്രം പിൻവലിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള പോർട്ടലാണ് എയർ സുവിധ. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാർ കോവിഡ് വാക്‌സിനേഷൻ വിവരങ്ങളടങ്ങുന്ന സെൽഫ് ഡിക്ലറേഷൻ ഫോം പോർട്ടലിൽ സമർപ്പിക്കൽ നിർബന്ധമാക്കിയിരുന്നു.

വാക്‌സിനേഷൻ സ്റ്റാറ്റസ്, വാക്‌സിൻ ഡോസുകൾ, തിയതികൾ അടക്കമുള്ള വിവരങ്ങളാണ് പോർട്ടലിൽ ചേർക്കേണ്ടത്. നിയമം എടുത്തുമാറ്റിയെങ്കിലും വാക്‌സിനെടുക്കാണമെന്നാണ് യാത്രക്കാരോട് നിർദേശിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. നിയമം ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽവരും. കോവിഡ് സാഹചര്യം രൂക്ഷമായാൽ തീരുമനം പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

വിമാനയാത്രയിൽ മാസ്‌കോ ഫെയ്‌സ് കവറോ ധരിക്കൽ നിർബന്ധമല്ലെന്ന് ദിവസങ്ങൾക്കു മുൻപാണ് പ്രഖ്യാപിച്ചത്. യാത്രക്കാർക്ക് വേണമെങ്കിൽ അവരുടെ ഇഷ്ടാനുസരണം ധരിക്കാമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

Summary: The self-declaration forms for Covid vaccination that had to be filled in by incoming international passengers on the Air Suvidha portal, will no longer be necessary, the Civil Aviation ministry has said

Similar Posts