കേന്ദ്രമന്ത്രി അജയ് മിശ്രയെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി ഹൈക്കമാൻഡ്; രാജി വച്ചേക്കും
|മിശ്ര രാജിവയ്ക്കണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു
ന്യൂഡൽഹി: ലഖിംപൂർ ഖേരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയെ ബിജെപി ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. മകൻ ആശിഷ് മിശ്ര പ്രതിസ്ഥാനത്തുള്ള കേസിൽ ഇദ്ദേഹത്തിന്റെ രാജി ഹൈക്കമാൻഡ് ആവശ്യപ്പെടുമെന്നാണ് സൂചന. മിശ്ര രാജിവയ്ക്കണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ബുധനാഴ്ച പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചിരുന്നു.
കർഷകർക്കു നേരെയുണ്ടായ അതിക്രമം ആസൂത്രിതമായിരുന്നു എന്ന് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സംഘം ഇക്കാര്യം അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മിശ്രയെ ഹൈക്കമാൻഡ് വിളിപ്പിച്ചത്. കേസിൽ മിശ്രയുടെ മകൻ ആശിഷ് മിശ്ര അടക്കം 13 പേരാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിൽ നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ടിരുന്നത്. കേന്ദ്രമന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഥാർ ജീപ്പ് കർഷകരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.