ജൂലൈ 18ന് മോദിയെ കാണും; കർഷക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുമെന്ന് അജിത് പവാർ
|മന്ത്രിസഭാ വികസനം മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽപ്പെട്ട കാര്യമാണെന്നും താൻ അതിനെക്കുറിച്ച് പ്രതികരിക്കില്ലെന്നും അജിത് പവാർ പറഞ്ഞു.
ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ജൂലൈ 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അജിത് പവാർ പറഞ്ഞു. വെള്ളിയാഴ്ച ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകൾ കൂടി അജിത് പവാറിന് നൽകിയിരുന്നു. ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ തങ്ങൾ തൃപ്തരാണെന്നും അജിത് പവാർ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ ഷിൻഡെയോട് ആവശ്യപ്പെട്ടെന്ന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന്റെ ആരോപണം അജിത് പവാർ തള്ളി. അനാവശ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണ് റാവത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവിൽ ലഭിച്ചിരിക്കുന്ന തസ്തികകളിൽ എല്ലാവരും സന്തുഷ്ടരാണെന്നും അജിത് പവാർ വ്യക്തമാക്കി.
മന്ത്രിസഭാ വികസനം മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽപ്പെട്ട കാര്യമാണെന്നും താൻ അതിനെക്കുറിച്ച് പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഷിൻഡേ മന്ത്രിസഭയിൽ 28 മന്ത്രിമാരാണുള്ളത്. സഹമന്ത്രിമാരില്ല. മന്ത്രിസഭാ വികസനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അത് നടന്നിരുന്നില്ല.