അജിത് പവാറിന്റെ ഓഫീസിൽ ശരദ് പവാറിന്റെ ഫോട്ടോ; വിശ്വാസവഞ്ചകർ തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് എൻ.സി.പി അധ്യക്ഷൻ
|ഞായറാഴ്ചയാണ് അജിത് പവാർ ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
മുംബൈ: വിശ്വാസവഞ്ചകർ ഒരു സാഹചര്യത്തിലും തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. എൻ.സി.പി വിട്ട് ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്ന അജിത് പവാർ തന്റെ പുതിയ ഓഫീസിൽ ശരദ് പവാറിന്റെ ഫോട്ടോ സ്ഥാപിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഞായറാഴ്ചയാണ് അജിത് പവാർ ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിന് പിന്നാലെ തന്റെ അനുയായികൾക്കൊപ്പം പുതിയ പാർട്ടി ഓഫീസും ഉദ്ഘാടനം ചെയ്തു. ശരദ് പവാർ തള്ളിപ്പറഞ്ഞെങ്കിലും അത് അവഗണിച്ചാണ് അജിത് പവാർ ഓഫീസിൽ അദ്ദേഹത്തിന്റെ ഫോട്ടോ സ്ഥാപിച്ചത്.
ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ശരദ് പവാർ പ്രതികരിച്ചത്. തന്റെ അനുമതിയോടെ മാത്രമേ ഫോട്ടോ ഉപയോഗിക്കാവൂ എന്നും തന്റെ ആശയങ്ങളെ വഞ്ചിക്കുകയും ഇപ്പോൾ ആദർശപരമായി മറുപക്ഷത്ത് നിൽക്കുകയും ചെയ്യുന്നവർ ഫോട്ടോ ഉപയോഗിക്കരുതെന്നും ശരദ് പവാർ പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ തന്റെ ഫോട്ടോ ആര് ഉപയോഗിക്കണമെന്ന് തീരുമാനിക്കാൻ തനിക്ക് അവകാശമുണ്ട്. പാർട്ടിയുടെ ദേശീയ പ്രസിഡന്റ് എന്ന നിലയിൽ സംസ്ഥാന പ്രസിഡന്റായ ജയന്ത് പാട്ടീലിന് മാത്രമാണ് അതിന് അനുമതി നൽകിയിട്ടുള്ളതെന്നും ശരദ് പവാർ വ്യക്തമാക്കി.