മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നീക്കം; അഞ്ച് അജിത് പവാര്‍ പക്ഷം എം.എല്‍.എമാര്‍ കൂടുമാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
|എം.എല്‍.എമാരെ ഒപ്പം പിടിച്ചുനിര്‍ത്താന്‍ ശ്രമം തുടരുകയാണെന്നാണ് അജിത് പവാര്‍ പക്ഷത്തെ ഒരു മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തിയത്
മുംബൈ: അജിത് പവാര്‍ എന്‍.സി.പി എം.എല്‍.എമാര്‍ ഔദ്യോഗിക വിഭാഗത്തിലേക്ക് കൂടുമാറാന്‍ നീക്കം നടത്തുന്നതായി സൂചന. ശരത് പവാര്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവുമായി അജിത് പക്ഷത്തെ അഞ്ച് എം.എല്‍.എമാര്‍ ബന്ധപ്പെട്ടു കഴിഞ്ഞെന്നാണു വിവരം. എന്‍.സി.പി ശരത് പവാര്‍ പക്ഷം സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലുമായി എം.എല്‍.എമാര്‍ കൂടിക്കാഴ്ച നടത്തിയതായി ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷകാല നിയമസഭാ സമ്മേളനത്തിനിടെയാണു പുതിയ രാഷ്ട്രീയനീക്കം.
മുംബൈയില്‍ വച്ചാണ് ശരത് പവാറും നിയമസഭാ സാമാജികരും നേരില്‍കണ്ടത്. ഇക്കാര്യം അജിത് പവാര്‍ പക്ഷത്തെ ഒരു മുതിര്‍ന്ന നേതാവ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഞ്ച് എം.എല്‍.എമാരുമായും അജിത് പവാര്‍ സംസാരിക്കുന്നുണ്ട്. ഇവരെ ഒപ്പംനിര്‍ത്താന്‍ ശ്രമം തുടരുകയാണെന്നാണു മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തിയത്.
അഞ്ച് എം.എല്‍.എമാരും ആരൊക്കെയാണെന്ന് ഇരുവിഭാഗത്തിനും വ്യക്തമായിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സതാര ജില്ലയിലെ ഒരു എം.എല്‍.എ, പൂനെയില്‍നിന്ന് ഒരാള്‍, അഹ്‌മദ്‌നഗറില്‍നിന്നുള്ള മറ്റൊരാള്‍ എന്നിവര്‍ എന്‍.സി.പി ശരത് പവാര്‍ ജയന്ത് പാട്ടീലുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയെന്നാണു സൂചന. രഹസ്യസ്വഭാവത്തിലായിരുന്നില്ല കൂടിക്കാഴ്ച എന്നാണ് അറിയുന്നത്. നിയമസഭാ സമ്മേളനം പുരോഗമിക്കുന്നതിനിടെയായിരുന്നു വിധാന്‍ ഭവനില്‍ ചര്‍ച്ച നടന്നതെന്നും ഫ്രീപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനുശേഷം നാസികില്‍നിന്നുള്ള രണ്ട് എം.എല്‍.എമാരും മറ്റിടങ്ങളിലായി ജയന്ത് പാട്ടീലുമായി കൂടിക്കാഴ്ച നടത്തി. പുതിയ നീക്കം അജിത് പവാര്‍ പക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്. കൂടുതല്‍ നേതാക്കള്‍ വരുംദിവസങ്ങളില്‍ മറുപക്ഷത്തേക്കു തിരിച്ചുപോകുമെന്ന ഭീതി നേതാക്കള്‍ക്കുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെയാണ് മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയനീക്കം നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി ശരത് പവാര്‍ പക്ഷം മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ അജിത് പവാര്‍ പക്ഷത്തിനു തിരിച്ചടിയേറ്റിരുന്നു. ഇതിനു പിന്നാലെ തന്നെ അജിത് പവാര്‍ പക്ഷം എം.എല്‍.എമാര്‍ ഔദ്യോഗിക വിഭാഗത്തെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയിലേക്കു തിരിച്ചെത്താന്‍ നീക്കം നടത്തുന്ന എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ ശരത് പവാര്‍ പക്ഷത്തിനു നിലവില്‍ ശക്തരായ മറ്റു സ്ഥാനാര്‍ഥികളില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. ശരത് പവാറിനൊപ്പം ചേര്‍ന്നാലും ഇവര്‍ക്ക് സ്വന്തം സീറ്റ് നഷ്ടപ്പെടില്ലെന്നു വ്യക്തമാണ്.
ബി.ജെ.പിയും ശിവസേന ഷിന്‍ഡെ വിഭാഗവും ഉള്‍പ്പെടുന്ന മഹായുതി സഖ്യത്തോടൊപ്പം തന്നെയാകും നിയമസഭാ തെരഞ്ഞെടുപ്പിലും അജിത് പവാര്‍ പക്ഷം മത്സരിക്കുന്നത്. അതുകൊണ്ടു തന്നെ നിരവധി എം.എല്‍.എമാര്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയുണ്ട്. പ്രത്യേകിച്ചും ബി.ജെ.പിക്കും ഷിന്‍ഡെ സേനയ്ക്കും കരുത്തുള്ള മണ്ഡലങ്ങളില്‍ സീറ്റ് വിട്ടുകൊടുക്കേണ്ടിവന്നേക്കാം. ഇത്തരം ഭീതിയിലുള്ളവരെല്ലാമാണ് ഇപ്പോള്‍ ഔദ്യോഗിക പക്ഷത്തേക്കു മടങ്ങാന്‍ നീക്കം നടത്തുന്നത്.
മറ്റു പാര്‍ട്ടികളില്‍നിന്നുള്ള നിരവധി നേതാക്കള്‍ എന്‍.സി.പി സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയ വിവരം ലഭിച്ചിട്ടുണ്ടെന്ന് ശരത് പവാര്‍ മാധ്യമങ്ങളോട് ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് ജയന്ത് പാട്ടീലുമായി സംസാരിച്ചുവരികയാണ്. ചില നേതാക്കളെയും ജനപ്രതിനിധികളെയും തിരിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. പാര്‍ട്ടി വിട്ടവര്‍ക്കെല്ലാം നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഓരോരുത്തരെയും പ്രത്യേകമായി പരിഗണിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്നും പവാര്‍ വ്യക്തമാക്കി.
നേരത്തെ എന്‍.സി.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.പി സൂര്യകാന്ത പാട്ടീല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരുന്നു. 2014ലാണ് ഇവര്‍ എന്‍.സി.പി വിട്ടത്. മറാത്തവാഡ മേഖലയിലെ നിരവധി മുതിര്‍ന്നവരും അല്ലാത്തവരുമായി നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാവരും എന്‍.സി.പിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
Summary: 5 MLAs of Ajit Pawar faction tries for re-entry to the NCP led by Sharad Pawar in Maharashtra