India
അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അജിത് പവാർ, കർണാടകയിൽ കോൺഗ്രസ് തരംഗം?; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്‌സ്
India

അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അജിത് പവാർ, കർണാടകയിൽ കോൺഗ്രസ് തരംഗം?; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്‌സ്

Web Desk
|
18 April 2023 3:24 PM GMT

മാധ്യമങ്ങൾ ഒരു കാരണവുമില്ലാതെ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്ന് അജിത് പവാർ

1.കർണാടകയിൽ കോൺഗ്രസ് തരംഗം?

കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകളും ട്വീറ്റുകളും ട്വിറ്ററിൽ തരംഗമാണ്. ബി.ജെ.പി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കോൺഗ്രസിലെത്തിയത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഷെട്ടറിന്റെ വരവ് ബിജെപിയുടെ കേന്ദ്രങ്ങളിൽ ഇടിച്ചുകയറാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. ലിംഗായത്ത് നേതാക്കൾ കൂടിയായ ഷെട്ടറിന്റെയും ലക്ഷ്മണൻ സാവദിയുടെയും സാന്നിധ്യം കർണാടകയിൽ വലിയ മുന്നേറ്റത്തിനു സഹായിച്ചേക്കും.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോലാറിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനിക്കുമെതിരെ രൂക്ഷ വിമർശനമുന്നിയിച്ചിരുന്നു. പൊതുജന ക്ഷേമത്തിലൂന്നി നാല് സുപ്രധാന പദ്ധതികളാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ഗൃഹജ്യോതി, ഗൃഹലക്ഷ്മി, അന്നഭാനി, യുവനിധി എന്നീ പദ്ധതികൾ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. ഗൃഹജ്യോതി സമ്പൂർണ വൈദ്യുതി വൽക്കരണവും ഗൃഹലക്ഷ്മി വീട്ടമ്മമാരുടെ ക്ഷേമം മുൻനിർത്തിയുള്ളതുമാണ്. അന്നഭാനി ദരിദ്ര ജനവിഭാഗങ്ങൾക്ക് അരി എത്തിക്കുന്നതുമായി ബന്ധപ്പെട്ടതും യുവനിധി തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 3000 രൂപ പ്രതിമാസം നൽകുന്ന പദ്ധതിയുമാണ്.


2.മുംബൈ ഇന്ത്യൻസ് VS സൺറൈസേഴ്‌സ് ഹൈദരബാദ്

സൺറൈസേഴ്‌സ് ഹൈദരാബാദ് -മുംബൈ ഇന്ത്യൻസ് ഐ.പി.എൽ പോരാട്ടം തുടങ്ങി. ഇതു സംബന്ധിച്ച വാർത്തകളും ട്വീറ്റുകളും ട്വിറ്ററിൽ തരംഗമാണ്. കഴിഞ്ഞ കളിയിൽ ഇംപാക്ട് താരമായിറങ്ങിയ മുംബൈ നായകൻ രോഹിത് ശർമ ആദ്യ ഇലവനിൽ തന്നെയുണ്ട്. കഴിഞ്ഞ കളിയിലൂടെ ഐ.പി.എല്ലിൽ അരങ്ങേറിയ അർജുൻ ടെണ്ടുൽക്കറും ആദ്യ ഇലവനിലുണ്ട്. മുംബൈയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു.

ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇരു ടീമുകളും കഴിഞ്ഞ രണ്ട് കളികളിലും വിജയം നേടിയിരുന്നു. ഇതോടെ ഇന്ന് നടക്കുന്ന മത്സരത്തിലും ജയിച്ച് വിജയച്ചിരി തുടരാനാണ് ഇരുകൂട്ടരുടെയും ശ്രമം. പോയിന്റ് പട്ടികയിൽ മുംബൈ എട്ടാമതും ഹൈദരാബാദ് ഒമ്പതാമതുമാണുള്ളത്. നാല് പോയിന്റ്് വീതമാണ് ഇരു ടീമുകളുടെ സമ്പാദ്യം. മുംബൈ ആർ.സി.ബിക്കും സി.എസ്.കെക്കുമെതിരെയുള്ള മത്സരങ്ങളാണ് തോറ്റിരുന്നത്. പിന്നീട് ഡൽഹി ക്യാപിറ്റൽസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനുമെതിരെയുള്ള മത്സരങ്ങൾ വിജയിക്കുകയായിരുന്നു.


3.ഇന്ത്യയിലെ ആദ്യ ആപ്പിൾ റീട്ടെയിൽ സ്റ്റോർ മുംബൈയിൽ

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക റീട്ടെയിൽ സ്റ്റോർ മുംബൈയിൽ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച വാർത്തകളും ട്വീറ്റുകളും ട്വിറ്ററിൽ ഇന്ന് ട്രെൻഡിങ്ങാണ്. ആപ്പിൾ മേധാവി ടിം കുക്കും സീനിയർ വൈസ് പ്രസിഡന്റ് ഡിയഡ്ര ഒബ്രിയനും ചടങ്ങിൽ പങ്കെടുത്തു. ബാന്ദ്ര കുർള കോപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിൾ സ്റ്റോർ ആരംഭിച്ചത്. അടുത്തകാലത്തായി ആപ്പിൾ ഐഫോണുകളുടെ വിൽപനയിൽ വലിയ വർധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. രാജ്യത്ത് ഐഫോണുകളുടെ ഉൽപാദനം കമ്പനി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ 20 ന് ഡൽഹിയിലും ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോർ തുറക്കും.



4.എൻ.സി.പിയിൽ അടിയുറച്ചു നിൽക്കും; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അജിത് പവാർ

എൻ.സി.പിക്കൊപ്പം തുടരുമെന്ന് അജിത് പവാർ. ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം അജിത് പവാർ തള്ളി. മാധ്യമങ്ങൾ ഒരു കാരണവുമില്ലാതെ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും അജിത് പവാർ കുറ്റപ്പെടുത്തി. ഈ വാർത്ത സംബന്ധിച്ച ട്വീറ്റുകളും വാർത്തകളും ഇന്ന് ട്വിറ്ററിൽ തരംഗമാണ്. 'അഭ്യൂഹങ്ങളിൽ ഒരു സത്യവുമില്ല. ഞാൻ എൻ.സി.പിയോടൊപ്പമാണ്. ഞാൻ എൻ.സി.പിയിൽ തന്നെ തുടരും'- അജിത് പവാർ വ്യക്തമാക്കി.

കിംവദന്തികൾ കാരണം എൻ.സി.പി പ്രവർത്തകർ ആശയക്കുഴപ്പത്തിലായി. അവരോട് പറയാനുള്ളത് ആശങ്കപ്പെടേണ്ട എന്നാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലാണ് എൻ.സി.പി രൂപീകരിക്കപ്പെട്ടത്. എൻ.സി.പി അധികാരത്തിലും പ്രതിപക്ഷത്തുമായിരുന്ന സമയമുണ്ടെന്നും അജിത് പവാർ പറഞ്ഞു.അജിത് പവാറിനൊപ്പം എൻ.സി.പിയിലെ ഒരുവിഭാഗം എം.എൽ.എമാർ ബി.ജെ.പി സഖ്യത്തിലെത്തുമെന്ന വാർത്തകൾ നേരത്തെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ തള്ളിക്കളഞ്ഞിരുന്നു- 'റിപ്പോർട്ടുകളിൽ സത്യമില്ല. അജിത് പവാർ ഒരു യോഗവും വിളിച്ചിട്ടില്ല. അദ്ദേഹം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു'.

മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിലെ 25,000 കോടിയുടെ വായ്പാതട്ടിപ്പു കേസിലെ കുറ്റപത്രത്തിൽ അജിത് പവാറിൻറെയും ഭാര്യയുടെയും പേര് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് അജിത് പവാർ ബി.ജെ.പിയോട് അടുക്കുകയാണെന്ന അഭ്യൂഹം പരന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദത്തെ കുറിച്ച് അജിത് പവാർ പ്രതികരിച്ചതിങ്ങനെ- 'വിദ്യാഭ്യാസ യോഗ്യതയ്ക്ക് രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയില്ല. മോദിക്കു കീഴിലാണ് 2014ൽ ബി.ജെ.പി അധികാരം പിടിക്കുന്നതും രാജ്യത്തെ കുഗ്രാമങ്ങളിലേക്കടക്കം വ്യാപിക്കുന്നതും'.


5.ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിന്റെ കാരണം ബോധിപ്പിക്കണമെന്ന് സുപ്രിംകോടതി

ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിന്റെ കാരണങ്ങൾ ഗുജറാത്ത് സർക്കാർ കൃത്യമായി ബോധിപ്പിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് സംബന്ധിച്ച വാർത്തകളും ട്വീറ്റുകളും ട്വിറ്ററിൽ ചർച്ചയായിട്ടുണ്ട്. പ്രതികൾ കുറ്റംചെയ്ത രീതി ഭയാനകമാണ്. പ്രതികൾക്ക് ലഭിച്ചത് 1500 ദിവസത്തെ പരോളാണ്. സാധാരണ പൗരന് ഇത് ലഭിക്കുമോയെന്ന് ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇന്ന് ബിൽക്കീസ് ബാനു കേസിൽ സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാമെന്നും കോടതി പറഞ്ഞു.

ബിൽക്കീസ് ബാനു ബലാത്സംഗ കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയ നടപടി വൻ വിവാദമാവുകയും ദേശീയതലത്തിൽ തന്നെ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പെന്ന് പറഞ്ഞാണ് ബിൽക്കീസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയത്. ബലാത്സംഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഹീനമായ ആക്രമണം എന്നിവ നടത്തുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളെ തുറന്നുവിടുന്നതിനു നിലവിൽ നിയമ തടസമുണ്ട്. 2014ലെ ഈ ഭേദഗതി പരിഗണിക്കാതെയാണ് പ്രതികളെ മോചിപ്പിച്ചതെന്ന് വിമർശനമുയർന്നു. ഗുജറാത്തിൽ സംസ്ഥാന ബിജെപി സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസ് പ്രതി പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.




Similar Posts