India
അജ്മീർ ദർഗ ശിവക്ഷേത്രമായിരുന്നു; എ.എസ്.ഐ സർവേ നടത്തണം-അവകാശവാദവുമായി ഹിന്ദുത്വ സംഘടന
India

അജ്മീർ ദർഗ ശിവക്ഷേത്രമായിരുന്നു; എ.എസ്.ഐ സർവേ നടത്തണം-അവകാശവാദവുമായി ഹിന്ദുത്വ സംഘടന

Web Desk
|
27 May 2022 8:18 AM GMT

രാജസ്ഥാൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ദർഗയുടെ ജനലുകളിൽ സ്വസ്തിക ചിഹ്നമുണ്ടെന്ന് മഹാറാണാ പ്രതാപ് സേന അവകാശപ്പെട്ടു

ജയ്പൂർ: 12-ാം നൂറ്റാണ്ടിൽ ജീവിച്ച സൂഫി ആചാര്യൻ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗയിൽ അവകാശവാദവുമായി ഹിന്ദുത്വ സംഘടന. രാജസ്ഥാനിലുള്ള വിശ്വപ്രസിദ്ധമായ അജ്മീർ ശരീഫ് ദർഗ മുൻപ് ശിവക്ഷേത്രമായിരുന്നുവെന്നാണ് അവകാശവാദം. മഹാറാണാ പ്രതാപ് സേന(എം.പി.എസ്)യാണ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദർഗയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യുടെ നേതൃത്വത്തിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് എം.പി.എസ് സ്ഥാപകൻ രാജ്‌വർധൻ സിങ് പാർമർ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കത്തെഴുതി. സ്വസ്തിക ചിഹ്നമുള്ള ദർഗയുടെ ജനലുകളുടെ ചിത്രവും സംഘം പുറത്തുവിട്ടിട്ടുണ്ട്. ദർഗയ്ക്കകത്ത് സ്വസ്തികയുടെ ആവശ്യമെന്താണെന്നും ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണം നടത്തണമെന്നും രാജ് വർധൻ സിങ് ആവശ്യപ്പെട്ടു.

എന്നാൽ, ദർഗയ്ക്കകത്ത് ഇത്തരത്തിലുള്ള ഒരു അടയാളവുമില്ലെന്ന് ദർഗ പരിപാലന സമിതി അധ്യക്ഷൻ മുഈൻ ചിശ്തി വ്യക്തമാക്കി. ദർഗയിൽ എവിടെയും സ്വസ്തിക ചിഹ്നമില്ല. 850 വർഷം പഴക്കമുണ്ട് ഇതിന്. ഇതുവരെയും ഇത്തരമൊരു അവകാശവാദവുമായി ഒരാളും വന്നിട്ടില്ല. ഒാരോ വർഷവും ഹിന്ദു, മുസ്‌ലിം എന്ന വ്യത്യാസമില്ലാതെ ലക്ഷക്കണക്കിനു പേരാണ് ദർഗയിലെത്തുന്നതെന്നും മുഈൻ ചിശ്തി കൂട്ടിച്ചേർത്തു.

അതേസമയം, ഒരാഴ്ചയ്ക്കകം അന്വേഷണം നടത്തിയിട്ടില്ലെങ്കിൽ കേന്ദ്ര മന്ത്രിമാരെ സമീപിക്കുമെന്ന് അശോക് ഗെഹ്ലോട്ടിന് എഴുതിയ കത്തിൽ മഹാറാണാ പ്രതാപ് സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Summary: Ajmer Sharif Dargah is a temple dedicated to Lord Shiva, claims Maharana Pratap Sena, writes to Gehlot demanding ASI probe

Similar Posts