ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്; എല്ലാവരെയും വിമാനത്തിൽ കയറ്റാൻ 'ആകാശ'
|പ്രവർത്തനം ആരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്നും എയർലൈനിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു
രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ ചെലവുകുറഞ്ഞ എയർലൈനായ ആകാശ എയർ ഇനി പറന്നു തുടങ്ങും. പ്രവർത്തനം ആരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്നും എയർലൈനിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം ആകാശ എയർ ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ് എന്നും വിമാന സർവീസുകൾ ഉടനെ ആരംഭിക്കുമെന്നും എയർലൈൻ ട്വീറ്റ് ചെയ്തു.
എന്താണ് ആകാശ എയർ ?
എല്ലാവർക്കും വിമാനയാത്ര എന്നതാണ് ആകാശ എയർലൈൻ മുന്നോട്ട് വെക്കുന്ന ആശയം. ഇന്ത്യയിലെ ബജറ്റ് വിമാനകമ്പനിയായ ഇൻഡിഗോയെക്കാളും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവീസ് നടത്തുമെന്നാണ് ആകാശയുടെ അവകാശവാദം.
കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള ആകാശ എയർലൈൻ 2021 ഓഗസ്റ്റിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്. ആകാശ എയർലൈൻ ഇതിനകം 72 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. അതിൽ 19 എണ്ണം 189 സീറ്റുകളുള്ള MAX-8 ഉം 53 വിമാനങ്ങൾ ഉയർന്ന ശേഷിയുള്ള ബോയിംഗ് 737 MAX-8-200 ഉം ആയിരിക്കും. വിമാനത്തിൽ അധിക ലെഗ് സ്പേസുള്ള സീറ്റുകൾ ഉണ്ടായിരിക്കും.
ആകാശ എയർ ഏതൊക്കെ റൂട്ടുകളിലാണ് ഓടുക?
ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, സാധ്യതയുള്ള യാത്രക്കാരെ ആകർഷിക്കുന്നതിനായി വളരെ കുറഞ്ഞ നിരക്കിൽ പ്രധാന ആഭ്യന്തര റൂട്ടുകളിൽ സേവനം നൽകുമെന്ന് പ്രതീക്ഷിക്കുന്നത്. മെട്രോ, ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആദ്യ ഘട്ടത്തിൽ 18 വിമാനങ്ങളുമായി ആഭ്യന്തര വിമാന സർവീസ് നടത്താനാണ് ആകാശ പദ്ധതിയിടുന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ ഏകദേശം 70 വിമാനങ്ങൾ സർവീസ് നടത്താൻ എയർലൈൻ പദ്ധതിയിടുന്നു, കൂടാതെ 72 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്. 2022ലെ ദുബായ് എയർ ഷോയിലാണ് കരാർ ഒപ്പിട്ടത്. ഓറഞ്ചും പർപ്പിളും ചേർന്നുള്ള നിറത്തിലാണ് വിമാനം അവതരിപ്പിച്ചിരിക്കുന്നത്.
ആകാശയുടെ ലോഞ്ചിങ് ഇന്ത്യൻ വ്യോമയാന മേഖലയിൽ വരുത്താൻ പോവുന്ന മാറ്റങ്ങൾ?
കൊവിഡ് പാൻഡെമിക് കാരണം, വ്യോമയാന മേഖല വലിയ തകർച്ച നേരിടുകയാണ്, നിരവധിപേർ തൊഴിൽരഹിതരായി. ഇവിടെ ആകാശ പുതിയ പ്രതീക്ഷയാണ്.് അതിന്റെ കുറഞ്ഞ ചിലവ് വ്യോമയാന വ്യവസായത്തിൽ കുതിച്ചുചാട്ടത്തിന് കാരണമായേക്കാം. പലരും വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു, പക്ഷേ ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം കഴിയുന്നില്ല, വില കുറയുമ്പോൾ ടിക്കറ്റ് വിൽപ്പന വർദ്ധിക്കുകയും വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും. കൂടുതൽ പേർക്ക് തൊഴിൽ നൽകാനും ഇത് സഹായിക്കും. ടിക്കറ്റുകൾ കുറഞ്ഞ നിരക്കിലാണെങ്കിൽ കൂടുതൽ യാത്രക്കാരെ ലഭിക്കുകയും ചെയ്യും.
ആകാശ എയർ ആരംഭിക്കുന്നതോടെ നിലവിലുള്ള ഇൻഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ കൂടുതൽ സമ്മർദ്ദം നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. അവർക്ക് അവരുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും നിർബന്ധിതരാകും. കടുത്ത മത്സരം മറ്റ് എയർലൈനുകളെ അവർ മുമ്പ് ചെയ്തിരുന്നതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പ്രേരിപ്പിക്കും.
യൂണിഫോം പുറത്തിറക്കി
ആകാശ എയർ തങ്ങളുടെ ജീവനക്കാർക്കുള്ള യൂണിഫോം പുറത്തിറക്കി. ജീവനക്കാർക്കായി പരിസ്ഥിതി സൗഹൃദ യൂണിഫോം ആണ് എയർലൈൻ നൽകിയിരിക്കുന്നത്. ട്രൗസറുകൾ, ജാക്കറ്റുകൾ, ഭാരം കുറഞ്ഞ ഷൂസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡൽഹി ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനർ രാജേഷ് പ്രതാപ് സിംഗാണ് ജാക്കറ്റുകളും ട്രൗസറുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗിക്കാതെ റീസൈക്കിൾ ചെയ്ത റബ്ബർ ഉപയോഗിച്ചാണ് ഷൂ സോൾ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ റീസൈക്കിൾ ചെയ്ത പോളിസ്റ്റർ ഫാബ്രിക് ഉപയോഗിച്ച് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ തുണിത്തരങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.