'അഖണ്ഡ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കണം'; രാമ നവമി ദിനത്തിൽ തെലങ്കാന എം.എൽ.എ രാജാ സിംഗ്
|ബിജെപി ഭരിക്കാത്ത കേരളവും പശ്ചിമ ബംഗാളും ഇസ്ലാമിക രാജ്യങ്ങളാകാൻ പോകുകയാണെന്നും സിംഗ്
ഹൈദരാബാദ്: അഖണ്ഡ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തെലങ്കാനയിലെ ഗോഷാമഹൽ എം.എൽ.എ രാജാ സിംഗ്. പ്രവാചക നിന്ദയുടെ പേരിൽ കഴിഞ്ഞ വർഷം ബിജെപി സസ്പെൻഡ് ചെയ്ത എംഎൽഎ രാമ നവമി ദിനാചരണത്തിലാണ് ഹിന്ദു രാഷ്ട്രത്തിനയുള്ള ആവശ്യം ഉന്നയിച്ചത്. ഹിന്ദു രാഷ്ട്രത്തിനായുള്ള ഭരണഘടന തയ്യാറാക്കണമെന്നും അത് നാം രണ്ട് നമുക്ക് രണ്ടെന്ന രീതിയിലുള്ള ജനങ്ങൾക്ക് മാത്രം വോട്ട് ചെയ്യാനാകുന്നതായിരിക്കുമെന്നും രാമ നവമി ശോഭയാത്രയിൽ സംസാരിക്കവേ രാജാ സിംഗ് വ്യക്തമാക്കി. നാം അഞ്ച് നമുക്ക് അമ്പത് എന്ന രീതിയിലുള്ളവർക്ക് വോട്ടുണ്ടാകില്ലെന്നും വിദ്വേഷ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനായ എംഎൽഎ പറഞ്ഞു. ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനം ഡൽഹിയായിരിക്കില്ലെന്നും കാശി, മഥുര, അയോധ്യ എന്നിവയിൽ ഏതെങ്കിലും ഒന്നായിരിക്കുമെന്നും സിംഗ് വ്യക്തമാക്കി.
'ഇന്ത്യയിൽ നൂറു കോടി ഹിന്ദു ജനസംഖ്യയുണ്ടായിട്ടും അഖണ്ഡ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുന്നില്ല' രാജാ സിംഗ് പറഞ്ഞു. ലോകത്ത് 50 മുസ്ലിം രാഷ്ട്രങ്ങളുണ്ടെന്നും 150ലേറെ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളുണ്ടെന്നും ഇങ്ങനെയിരിക്കേ ഇന്ത്യയെ എന്ത് കൊണ്ടാണ് ഹിന്ദു രാഷ്ട്രമാക്കാൻ പറ്റാത്തതെന്നും എംഎൽഎ ചോദിച്ചു. ബിജെപി ഭരിക്കാത്ത കേരളവും പശ്ചിമ ബംഗാളും ഇസ്ലാമിക രാജ്യങ്ങളാകാൻ പോകുകയാണെന്നും സിംഗ് ആരോപിച്ചു.
വർഷംതോറും രാമനവമിക്ക് രാജാ സിംഗെത്തുന്നു; മുസ്ലിം വിദ്വേഷ ഗാനവുമായി
വർഷംതോറും രാമ നവമി ദിനങ്ങളിൽ മുസ്ലിം വിദ്വേഷവും ഹിന്ദുത്വ ആശയങ്ങളും പ്രചരിപ്പിക്കുന്ന ഗാനങ്ങൾ പുറത്തിറക്കുന്നത് രാജാ സിംഗിന്റെ പതിവാണ്. ഇക്കുറി 'ജയ്ൽ കാ താല ടൂഡ് ഗയ, ബാപ് തുമാര ചൂഡ് ഗയ'( ജയിലിന്റെ അഴികൾ പൊട്ടിത്തകർന്നു, നിങ്ങളുടെ നേതാവ് പുറത്തുവന്നു) എന്ന ഗാനമാണ് ഇറക്കിയത്. ഹിന്ദു രാഷ്ട്രത്തിനായുള്ള അവകാശവാദവും ഈ ഗാനത്തിൽ ഉന്നയിക്കുന്നുണ്ട്. 2022ൽ രാമന്റെ പേര് മന്ത്രിക്കാത്ത മുസ്ലിംകളെ ചവിട്ടിപ്പുറത്താക്കണമെന്ന് പറയുന്ന ഗാനമായിരുന്നു ഇയാൾ കൊണ്ടുവന്നത്. ഈ ഗാനങ്ങൾ പല യൂട്യൂബ് ചാനലുകളിൽ അപ്ലോഡ് ചെയ്യുകയും ശോഭ യാത്രയിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
വീഡിയോയിലൂടെ നടത്തിയ പ്രവാചക നിന്ദയുടെ പേരിൽ പി.ഡി വകുപ്പ് പ്രകാരം രാജ സിംഗ് ജയിലായിരുന്നു. സ്റ്റാൻഡ് അപ് കൊമേഡിയനായ മുനവ്വർ ഫാറൂഖിയെ ഷോ നടത്താൻ അനുവദിച്ചതിന്റെ പേരിലായിരുന്നു ഇയാളുടെ വിദ്വേഷ പ്രചാരണം.
രാജാ സിംഗിന്റെ നേതൃത്വത്തിൽ നടന്ന ശോഭയാത്രയിൽ ഗാന്ധിജിയുടെ ഘാതകനായ നാഥൂറാം ഗോഡ്സെയുടെ ചിത്രവും പ്രദർശിപ്പിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് പരിപാടിയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തിട്ടുണ്ടെന്നും ആരെങ്കിലും കൊണ്ടുവന്നിരിക്കാമെന്നുമായിരുന്നു എംഎൽഎയുടെ മറുപടി.
Akhand Hindu Rashtra' (Undivided Hindu Nation) should be declared: Telangana MLA Raja Singh on Ram Navami