ഷാഹി ഈദ്ഗാഹ് മസ്ജിദിനകത്ത് ഹനുമാന്‍ ചാലിസ ചൊല്ലാനുള്ള ആഹ്വാനം; പ്രദേശത്ത് നിരോധനാജ്ഞ
|ഡിസംബര്‍ 1 മുതല്‍ ജനുവരി 28 വരെയാണ് നിരോധനാജ്ഞ
മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദിനകത്ത് ഡിസംബര്‍ ആറിന് ഹനുമാന്‍ ചാലിസ ചൊല്ലാനുള്ള അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടം പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഡിസംബര്‍ 1 മുതല്‍ ജനുവരി 28 വരെയാണ് നിരോധനാജ്ഞ. ജില്ലാ മജിസ്‌ട്രേറ്റ് പുൽകിത് ഖരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
രാഷ്ട്രീയമോ സാമൂഹികമോ മതപരമോ ആയ സംഘടനകളുടെ സമ്മേളനങ്ങള്‍, അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്ന മറ്റേതെങ്കിലും സമ്മേളനമോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരൽ, പിക്കറ്റിംഗ്, പ്രകടനം മുതലായവ അനുമതിയില്ലാതെ അനുവദിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ലംഘനം ഉണ്ടായാൽ പൊലീസ് ക്രിമിനൽ നടപടിച്ചട്ടത്തിലെ 188-ാം വകുപ്പ് പ്രകാരം പ്രസ്തുത വ്യക്തിക്കോ സ്ഥാപനത്തിനോ എതിരെ കർശന നടപടിയെടുക്കും.
ഹനുമാന്‍ ചാലിസ ചൊല്ലാനുള്ള ആഹ്വാനം കണക്കിലെടുത്ത് മഥുര സിറ്റി മജിസ്‌ട്രേറ്റ് സംഘടനയുമായി ബന്ധപ്പെട്ട 16 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒരു സംഘടനയും അനുവാദം തേടിയിട്ടില്ലെന്നും പരിപാടിയില്‍ ആളെ കൂട്ടാന്‍ ശ്രമിച്ചതിന് ഇതുവരെ രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മഥുര സീനിയര്‍ പൊലീസ് സൂപ്രണ്ട് മാര്‍ത്താണ്ഡ് പ്രകാശ് സിംഗ് പറഞ്ഞു. അഖില ഭാരതീയ ഹിന്ദു മഹാസഭ (എബിഎച്ച്എം)യാണ് നേതാക്കളോടും അനുഭാവികളോടും ഡിസംബര്‍ ആറിന് പള്ളിയില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ആഹ്വാനം ചെയ്തത്.
ഡിസംബര്‍ ആറിനാണ് പരിപാടി നടക്കുകയെന്ന് എബിഎച്ച്എം പ്രസിഡന്‍റ് രാജ്യശ്രീ ബോസ് ചൗധരി അറിയിച്ചിരുന്നു. ഹനുമാന്‍ ചാലിസയുടെ സമാധാനപരമായ പാരായണം ശ്രീകൃഷ്ണ ജന്മഭൂമിയില്‍ ഉച്ചയ്ക്ക് 12 നും 12.30 നും ഇടയില്‍ നടക്കും- അദ്ദേഹം പറഞ്ഞു. ഇതിനകം മൂന്ന് ഡസനോളം ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്ന് ഗോവിന്ദ് നഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ സഞ്ജയ് കുമാര്‍ പാണ്ഡെ പറഞ്ഞു. നോട്ടീസിനോട് പ്രതികരിക്കുന്നതിലും ആവശ്യമായ ജാമ്യാപേക്ഷ പൂരിപ്പിക്കുന്നതിലും പരാജയപ്പെട്ടവര്‍ക്കാണ് ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സമാധാനപരമായ പരിപാടിയാണ് ആസൂത്രണം ചെയ്തതെന്നും പൊലീസ് ഇടപെടരുതെന്നും എബിഎച്ച്എം പ്രസിഡന്‍റ് പറഞ്ഞു. 13.37 ഏക്കര്‍ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം ശ്രീകൃഷ്ണ വിരാജ്മാനുടേതാണെന്നാണ് ഹിന്ദു സംഘടനയുടെ അവകാശവാദം.
അതിനിടെ ഡിസംബർ 6 ന് സമുച്ചയത്തിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തന്‍റെ രക്തം കൊണ്ട് കത്തെഴുതിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ അഖില ഭാരത ഹിന്ദു മഹാസഭയുടെ ദേശീയ ട്രഷറർ ദിനേശ് ശർമ്മ വെള്ളിയാഴ്ച പുറത്തുവിട്ടു.മുസ്ലീങ്ങൾ ചരിത്രപരമായ തെളിവുകൾ നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഷാഹി ഈദ്ഗാ മസ്ജിദ് സീൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിനേശ് ശർമ തന്‍റെ രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു.