India
Akhilesh Yadav,Kanwar Yatra ,UP,കന്‍വാര്‍ യാത്ര,അഖിലേഷ് യാദവ്,ഉത്തര്‍ പ്രദേശ്
India

'ഇത് സാമൂഹിക കുറ്റകൃത്യം, സർക്കാറിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അന്വേഷിക്കണം'; യു.പി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി അഖിലേഷ് യാദവ്

Web Desk
|
18 July 2024 9:28 AM GMT

ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവ് മുസ്‍ലിം വ്യാപാരികളെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാണ് ആക്ഷേപം

ലഖ്‌നൗ: കൻവാർ തീർഥയാത്രികർ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്ന യു.പി പൊലീസ് ഉത്തരവിനെ വിമർശിച്ച് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് പൊലീസിന്റെ ഉത്തരവ് സാമൂഹിക കുറ്റകൃത്യമാണെന്ന് അഖിലേഷ് പ്രതികരിച്ചു. ഐക്യത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് ഇത്തരം ഉത്തരവുകളെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രികൂടിയായ അഖിലേഷ് പ്രതികരിച്ചു.

പൊലീസിന്റെ വിചിത്രമായ നടപടിയിൽ കോടതി സ്വമേധയാ കേസെടുക്കണമെന്നും ഇത്തരം ഉത്തരവുകളുടെ പിന്നിലെ സർക്കാറിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ഉചിതമായ ശിക്ഷാനടപടി സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം സോഷ്യൽമീഡിയയായ എക്‌സിൽ ആവശ്യപ്പെട്ടു. മുസാഫർ നഗർ ജില്ലയിലെ ഭക്ഷണശാലകൾ ഉൾപ്പടെയുള്ള കടകളുടെ മുന്നിൽ ഉടമകളുടെ പേരടക്കമുള്ള ബോർഡ് സ്ഥാപിക്കണമെന്ന യു.പി പൊലീസിന്റെ ഉത്തരവ് മുസ്‍ലിം വ്യാപാരികളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പ്രതികരണം.

തീർഥാടകർക്ക് ആശയക്കുഴപ്പമുണ്ടാകാതിരിക്കാനും കൻവാർ യാത്ര സുഗമമായി നടത്തുകയാണ് ലക്ഷ്യമെന്നാണ് പൊലീസ് വാദം. മുസാഫർനഗർ ജില്ലയിലെ മുസ്‍ലിം വ്യാപാരികൾ ഉൾപ്പടെയുള്ള കടയുടമകളും ധാബകളും പഴ വിൽപനക്കാരും ചായക്കടകളും സ്ഥാപനങ്ങൾക്ക് മുന്നിൽ ഉടമസ്ഥരുടെയോ ജീവനക്കാരുടെയോ പേരുകളടങ്ങിയ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് യു.പി പൊലീസിന്റെ നിർദേശം.തീർഥാടകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകാതിരിക്കാനും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ളൊരു നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.

നേരത്തെ മുസാഫർനഗർ എംഎൽഎയും യുപി മന്ത്രിയുമായ കപിൽ ദേവ് അഗർവാൾ മുസ്‍ലിംകൾ തങ്ങളുടെ കടകൾക്ക് ഹിന്ദു ദേവതകളുടെയും ദൈവങ്ങളുടെയും പേരുകൾ നൽകുന്നതിനെതിരെ രംഗത്തുവന്നിരുന്നു. കൻവാർ തീർഥാടന യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഈ മാസം ആദ്യം ചേർന്ന യോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. മുസ്‍ലിംകൾ പ്രദേശത്ത് കച്ചവടം നടത്തുന്നതിനോട് തനിക്ക് എതിർപ്പില്ലെങ്കിലും സംഘർഷം ഒഴിവാക്കാനായി തങ്ങളുടെ കടകൾക്ക് ഹിന്ദു ദൈവങ്ങളുടെയോ ദേവതകളുടെയോ പേരിടരുതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ നിർദേശപ്രകാരമാണ് ജില്ലാഭരണകൂടം പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

'കൻവാർ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ജില്ലയിൽ 240 കിലോമീറ്ററാണ് തീർഥാടകർ സഞ്ചരിക്കുന്നത്. ഈ വഴികളിലെ എല്ലാ ഭക്ഷണശാലകളും, അത് ഹോട്ടലുകളോ ധാബകളോ ഉന്തു വണ്ടികളോ ആകട്ടെ, ഉടമസ്ഥരുടെയോ ജീവനക്കാരുടെയോ പേരുകൾ പ്രദർശിപ്പിക്കണം.'എസ്എസ്പി അഭിഷേക് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts