India
ഇത് ജനവിധിയല്ല, മെഷീൻ വിധി; ബി.ജെ.പി ജനങ്ങളുടെ വോട്ട് കൊള്ളയടിച്ചു- മമത
India

ഇത് ജനവിധിയല്ല, മെഷീൻ വിധി; ബി.ജെ.പി ജനങ്ങളുടെ വോട്ട് കൊള്ളയടിച്ചു- മമത

Web Desk
|
11 March 2022 11:01 AM GMT

ഇ.വി.എമ്മുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. വരാണസി ജില്ലാ മജിസ്‌ട്രേറ്റ് സസ്‌പെൻഡ് ചെയ്യപ്പെടുന്ന സ്ഥിത പോലുമുണ്ടായി. ഇ.വി.എമ്മുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണം-മമത ആവശ്യപ്പെട്ടു.

ഇത് ജനവിധിയല്ലെന്നും മെഷീന്‍വിധിയാണെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ബി.ജെ.പി ജനങ്ങളുടെ വോട്ട് കൊള്ളയടിക്കുകയാണ് ചെയ്തിരിക്കുന്നത്. യു.പിയിൽ അഖിലേഷ് യാദവിനെ ബലമായി തോൽപ്പിക്കുകയായിരുന്നുവെന്നും ഇതിനെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കണമെന്നും മമത ദേശീയമാധ്യമമായ 'ഇന്ത്യ ടുഡേ'യോട് പ്രതികരിച്ചു.

ഇത് ജനവിധിയല്ല. ഇത് മെഷീൻ വിധിയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ഏകാധിപത്യത്തിലൂടെയും ചില സംസ്ഥാനങ്ങളിൽ ജയിച്ചെന്നതുകൊണ്ടു മാത്രം അവർ ഇപ്പോൾ ആഹ്ലാദിക്കുന്നുണ്ടാകും. 2024ലും വിജയിക്കുമെന്നാകും അവർ വിചാരിക്കുന്നത്. എന്നാൽ, കാര്യങ്ങൾ അത്ര എളുപ്പമാകില്ല-മമത പറഞ്ഞു.

രണ്ടു വർഷത്തിനുശേഷം എന്തു സംഭവിക്കുമെന്ന് ആർക്ക് പ്രവചിക്കാനാകും? വിധി വിധി തന്നെയാണ്. വിധിയും ഉദ്ദേശ്യലക്ഷ്യവും തമ്മിൽ വ്യത്യാസമുണ്ട്. ഇ.വി.എമ്മുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. വരാണസി ജില്ലാ മജിസ്‌ട്രേറ്റ് സസ്‌പെൻഡ് ചെയ്യപ്പെടുന്ന സ്ഥിത പോലുമുണ്ടായെന്നും അവർ ചൂണ്ടിക്കാട്ടി.

അഖിലേഷിനെ ബലമായി തോൽപ്പിക്കുകയായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. ജനവിധിക്കെതിയെ അഖിലേഷ് നിയമപോരാട്ടം നടത്തണം. ഇ.വി.എമ്മുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മമത ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ പ്രതികരണത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അവർ വ്യക്തമാക്കി. യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷിന്റെ എസ്.പിക്ക് പരസ്യ പിന്തുണയുമായി തൃണമൂൽ രംഗത്തെത്തിയിരുന്നു. വരാണസിയിലെ എസ്.പി തെരഞ്ഞെടുപ്പ് റാലിയിൽ മമത പങ്കെടുക്കുകയും ചെയ്തിരുന്നു.

Summary: 'Akhilesh Yadav forcibly defeated, there has been loot of votes': Mamata Banerjee points at EVMs in BJP's victory

Similar Posts