ബുൾഡോസർരാജ് കഴിവുള്ളവർ ചെയ്യുന്ന നടപടിയെന്ന് യോഗി; സ്റ്റിയറിങ് മാറ്റാൻ ജനത്തിന് കഴിയുമെന്ന് അഖിലേഷ്
|ബുൾഡോസർരാജിനെതിരെ സുപ്രിംകോടതി നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയ അഖിലേഷ്, ഇതുവരെ ചെയ്ത നടപടികൾക്ക് യോഗി സർക്കാർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
ലഖ്നൗ: യു.പിയിലെ ബുൾഡോസർ രാജിനെ ചൊല്ലി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തമ്മിൽ പോര് കനക്കുന്നു. സുപ്രിംകോടതി വിമർശനം വന്നിട്ടും ബുൾഡോസർ രാജിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ് രംഗത്തെത്തിയതോടെയാണ് ഇതിനെതിരെ അഖിലേഷ് ആഞ്ഞടിച്ചത്. പ്രതികാരം തീർക്കാനായി ചില വ്യക്തികളെ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ബുൾഡോസർരാജ് നടപടികളെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വസതിയുടെ നിയമസാധുത ചോദ്യം ചെയ്ത അഖിലേഷ് യാദവ്, 2027ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി വിജയിച്ച ശേഷം എല്ലാ ബുൾഡോസറുകളും ഗോരഖ്പൂരിലേക്ക് മാറ്റുമെന്നും പറഞ്ഞു. ബുൾഡോസർരാജിനെതിരെ സുപ്രിംകോടതി നടത്തിയ പ്രസ്താവനയും എസ്പി മേധാവി ചൂണ്ടിക്കാട്ടി. ഇതുവരെ ചെയ്ത ബുൾഡോസർരാജിന് സർക്കാർ മാപ്പ് പറയണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
'നിങ്ങൾ പ്രതികാരം ചെയ്യാൻ തീരുമാനിച്ചവരുടെ മേൽ അവരെ അപമാനിക്കാൻ ബോധപൂർവം ബുൾഡോസർ ഓടിച്ചു. ബുൾഡോസർ ഉപയോഗിക്കാൻ പാടില്ലെന്ന് ഇന്നലെ സുപ്രിംകോടതി പറഞ്ഞു. അതിനാൽ ഇതുവരെ നടന്ന ബുൾഡോസർ ഓപ്പറേഷനിൽ സർക്കാർ മാപ്പ് പറയുമോ?'- അഖിലേഷ് ചോദിച്ചു. 'ബുൾഡോസറിനു തലച്ചോറില്ല. സ്റ്റിയറിങ്ങിലൂടെയാണ് അത് ഓടുന്നത്. ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ആരുടെ ബുൾഡോസറിൻ്റേയും സ്റ്റിയറിങ് മാറ്റാൻ കഴിയും'- അദ്ദേഹം മുന്നറിയിപ്പ് നൽകി.
തന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ബുൾഡോസർ രാജ് നിലപാട് ആവർത്തിച്ച് യോഗി ആദിത്യനാഥ് രംഗത്തെത്തിയതിനു തൊട്ടുപിന്നാലെയാണ് അഖിലേഷിൻ്റെ പ്രതികരണം. ബുൾഡോസർ കൈകാര്യം ചെയ്യാൻ കഴിവും പ്രതിബദ്ധതയും ആവശ്യമാണെന്നും എന്നാൽ എല്ലാവർക്കും അതിനുള്ള ധൈര്യമോ കഴിവോ ഇല്ലെന്നുമായിരുന്നു യോഗിയുടെ വാദം. അത്തരം നടപടികൾ അതിവേഗം ചെയ്യുന്നതിൽ സംസ്ഥാനത്തെ നിയമനിർവഹണ ഏജൻസികളെ പ്രശംസിച്ച മുഖ്യമന്ത്രി, ഉത്തർപ്രദേശിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായും ആരോപിച്ചു.
ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്നായിരുന്നു സുപ്രിംകോടതി വ്യക്തമാക്കിയത്. ബുൾഡോസർ രാജിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്ന ആശങ്കകൾ പരിഹരിക്കാനായി മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും കോടതി അറിയിച്ചിരുന്നു. ബുൾഡോസർ രാജിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ടവർ ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമർശങ്ങൾ.
ശോഭയാത്രയുടെ ഭാഗമായി നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണകൂടം ജഹാംഗീർപുരിയിൽ നടത്തിയ ബുൾഡോസർ നടപടികൾക്കെതിരെ രാജ്യസഭാ മുൻ എംപിയും സിപിഎം നേതാവുമായ വൃന്ദാ കാരാട്ട്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഉൾപ്പെടെയുള്ളവരാണ് ഹരജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ഒരാൾ കുറ്റാരോപിതനാണെന്ന പേരിൽ എങ്ങനെയാണ് അയാളുടെ വീട് തകർക്കുകയെന്ന് കോടതി ചോദിച്ചു. ഇനി കുറ്റക്കാരനാണെന്നു കണ്ടെത്തിയാലും നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ ഇത്തരമൊരു നടപടി ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
അനധികൃത കെട്ടിടമാണെങ്കിലും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം. ആദ്യം നോട്ടിസ് അയയ്ക്കണം. തുടർന്ന് വിശദീകരണം നൽകാനുള്ള സമയം അനുവദിക്കണം. നിയമപരിഹാരങ്ങൾ കാണാനുള്ള അവസരവുമുണ്ടാകണം. ഇതിനുശേഷം മാത്രമേ കെട്ടിടം പൊളിക്കുന്നതടക്കമുള്ള നടപടികളിലേക്കു കടക്കാവൂ. റോഡിലോ പൊതുസ്ഥലത്തോ ഉള്ള അനധികൃത നിർമാണങ്ങളെ കോടതി പിന്തുണയ്ക്കുന്നില്ല. അത്തരം സാഹചര്യത്തിലും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം കെട്ടിടങ്ങൾ പൊളിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.