ലഖിംപൂരിലേക്ക് പുറപ്പെട്ട അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്തു, കാർ പിടിച്ചെടുത്തു
|നേതാക്കളെ ലഖിംപൂർ സന്ദർശിക്കുന്നതിൽ നിന്ന് തടയുന്ന സർക്കാർ എന്താണ് മറച്ചുവെക്കുന്നതെന്ന് അഖിലേഷ് യാദവ്
കർഷക പ്രതിഷേധത്തിലേക്ക് കാറിടിച്ചുകയറ്റി ഒമ്പത് പേർ കൊല്ലപ്പെട്ട ലഖിംപൂരിലേക്ക് പുറപ്പെടാൻ ശ്രമിച്ച യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, കാർ പിടിച്ചെടുത്തു. നേരത്തെ പൊലീസ് തടഞ്ഞതിനെ തുടർന്ന് വസതിക്ക് മുമ്പിൽ അഖിലേഷും സംഘവും ഇരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. നേതാക്കളെ ലഖിംപൂർ സന്ദർശിക്കുന്നതിൽ നിന്ന് തടയുന്ന സർക്കാർ എന്താണ് മറച്ചുവെക്കുന്നതെന്ന് അഖിലേഷ് യാദവ് ചോദിച്ചു.
ലഖിംപൂരിലേക്ക് പുറപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിലാണ്. സീതാപൂരിൽവെച്ച് ആസാദിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ ലഖിംപൂരിലേക്ക് പുറപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഖിംപൂരിലേക്ക് പുറപ്പെട്ട ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് സതീഷ് ചന്ദ്രയെയും പൊലീസ് തടഞ്ഞിട്ടുണ്ട്. സതീഷ് ചന്ദ്രയെ വീട്ടുതടങ്കലിലാക്കി എന്നാണ് റിപ്പോർട്ട്. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങിനെ ലഖിംപൂരിലേക്ക് കടത്തിവിട്ടില്ല. വാഹന പരിശോധനക്കിടെ സഞ്ജയ് സിങിനെ തടയുകയായിരുന്നു.
ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും പഞ്ചാബ് ഉപമുഖ്യമന്ത്രി രൺധാവയെയും വിമാനം ലാൻഡ് ചെയ്യാൻ അനുവദിക്കരുതെന്ന് യുപി സർക്കാർ നിർദേശം നൽകിയിരുന്നു. ലഖ്‌നൌ വിമാനത്താവള അധികൃതർക്കാണ് നിർദേശം നൽകിയത്. ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് യു.പി പൊലീസ് നേതാക്കളെ തടയുന്നത്. എന്നാൽ ലഖിംപൂർ സന്ദർശിക്കുന്നത് എങ്ങനെയാണ് കുറ്റമാവുക എന്നാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ചോദ്യം.