India
ഇൻകം ടാക്‌സുകാർ വന്നു; സിബിഐക്ക് വേണ്ടി കാത്തിരിക്കുന്നു- കേന്ദ്ര ഏജൻസികളെ പരിഹസിച്ച് അഖിലേഷ് യാദവ്
India

'ഇൻകം ടാക്‌സുകാർ വന്നു; സിബിഐക്ക് വേണ്ടി കാത്തിരിക്കുന്നു'- കേന്ദ്ര ഏജൻസികളെ പരിഹസിച്ച് അഖിലേഷ് യാദവ്

Web Desk
|
18 Dec 2021 7:34 AM GMT

പാർട്ടി നേതാക്കളുടെ വീടുകളിൽ ഇൻകം ടാക്‌സിന്റെ റെയ്ഡ് നടന്നതിന് പിന്നാലെയാണ് അഖിലേഷ് കേന്ദ്ര ഏജൻസികളെ പരിഹസിച്ച് രംഗത്ത് വന്നത്.

യുപി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ പാർട്ടി നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പാർട്ടി നേതാക്കളുടെ വീടുകളിൽ ഇൻകം ടാക്‌സിന്റെ റെയ്ഡ് നടന്നതിന് പിന്നാലെയാണ് അഖിലേഷ് കേന്ദ്ര ഏജൻസികളെ പരിഹസിച്ച് രംഗത്ത് വന്നത്.

''ഇപ്പോഴും ഞാൻ ആവർത്തിച്ചു പറയുന്നു. തെരഞ്ഞെടുപ്പ് അടുക്കുംതോറും ഇങ്ങനെയെല്ലാം സംഭവിക്കും. ഇപ്പോൾ ഇൻകം ടാക്‌സുകാർ വന്നു...ഇനി എൻഫോഴ്‌സ്‌മെന്റ് വരും, പിന്നെ സിബിഐ വരും..പക്ഷെ ഞങ്ങളുടെ സൈക്കിളിനെ തടയാനാവില്ല..അതിന്റെ കുതിപ്പ് തുടരും...ബിജെപി യുപിയിൽ നിന്ന് തുടച്ചുനീക്കപ്പെടും. യുപിയിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ കഴിയില്ല. എന്തുകൊണ്ടാണ് രാജീവ് റായിയുടെ വീട്ടിൽ ഒരു മാസം മുമ്പ് റെയ്ഡ് നടത്താതിരുന്നു. എന്തുകൊണ്ടാണ് ഇപ്പൊ ഒരു റെയ്ഡ്? കാരണം തെരഞ്ഞെടുപ്പ് അടുത്തെത്തി''-അഖിലേഷ് പറഞ്ഞു.

ബിജെപിയും കോൺഗ്രസിന്റെ വഴിയിലാണ് സഞ്ചരിക്കുന്നത്. നേരത്തെ ആരെയെങ്കിലും ഭയപ്പെടുത്തണമെങ്കിൽ ഇതുപോലുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് പ്രയോഗിച്ചിരുന്നത്. ബിജെപിയും ഇപ്പോൾ അതേ നടപടികൾ തന്നെ തുടരുകയാണ്. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് മാത്രം ഇത്തരം റെയ്ഡുകളുണ്ടാവുന്നത്. ഇൻകം ടാക്‌സുകാരും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നുണ്ടോ?-അഖിലേഷ് യാദവ് ചോദിച്ചു.

സമാജ് വാദി പാർട്ടി നേതാക്കളായ രാജീവ് റായ്, മനോജ് യാദവ്, അഖിലേഷിന്റെ പേഴ്‌സണൽ സെക്രട്ടറി ജൈനേന്ദ്ര യാദവ് എന്നിവരുടെ വീട്ടിലും ഓഫീസിലുമാണ് ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

Related Tags :
Similar Posts