പൊലീസ് നിർദേശത്തിന് പുല്ലുവില; ബി.ജെ.പി എം.പിയുടെ വിജയാഘോഷ പാർട്ടിയിൽ പരസ്യ മദ്യവിതരണം
|- പരിപാടിയിൽ മദ്യം വിളമ്പരുതെന്ന് ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് എം.പിയോട് പറഞ്ഞിരുന്നു.
ബെംഗളൂരു: കർണാടകയിലെ ബി.ജെ.പി എം.പിയുടെ വിജയാഘാഷോ പാർട്ടിയിൽ പരസ്യമായി മദ്യ വിതരണം. ചിക്കബല്ലാപൂർ എം.പി കെ. സുധാകർ സംഘടിപ്പിച്ച പാർട്ടിയിലായിരുന്നു പൊലീസ് നിർദേശവും മുന്നറിപ്പും അവഗണിച്ച് മദ്യം വിളമ്പുകയും വിതരണം ചെയ്യുകയും ചെയ്തത്.
ട്രക്കുകളിൽ കൊണ്ടുവന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ സ്ഥലത്ത് ആളുകളുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. പൊലീസിൻ്റെ സാന്നിധ്യത്തിലായിരുന്നു മദ്യം വിളമ്പിയത് എന്നതാണ് ശ്രദ്ധേയം.
പരിപാടിയിൽ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥരെ വിന്യസിക്കണം എന്നാവശ്യപ്പെട്ട് എം.പി പൊലീസ് വകുപ്പിന് കത്തെഴുതുകയും പാർട്ടിയിൽ മദ്യം വിളമ്പുമെന്ന് വ്യക്തമായി പരാമർശിക്കുകയും ചെയ്തിരുന്നു. 'ഉച്ചയ്ക്ക് 12.30 മുതൽ സ്റ്റേജ് പരിപാടി ആരംഭിക്കും. അതിൽ ഭക്ഷണവും മദ്യവും നൽകുന്നതായിരിക്കും'- എന്നായിരുന്നു ബി.ജെ.പി നേതാവ് പൊലീസിന് നൽകിയ ഔദ്യോഗിക കത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ, പരിപാടിയിൽ മദ്യം വിളമ്പരുതെന്ന് ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് സി.കെ ബാബ എം.പിയോട് പറഞ്ഞു. നിർദേശം ലംഘിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി. 'പരിപാടിയിൽ മദ്യം വിളമ്പരുതെന്ന് സംഘാടകരോട് പറയുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വ്യവസ്ഥകൾ ലംഘിച്ചാൽ കേസെടുക്കുമെന്നും അവരോട് പറഞ്ഞിരുന്നു. എന്നാൽ മദ്യം വിളമ്പാൻ എക്സൈസ് വകുപ്പിൻ്റെ അനുമതി വാങ്ങുകയായിരുന്നു'- അദ്ദേഹം പറഞ്ഞു.
എം.പിയുടെ നടപടിക്കെതിരെ വിമർശനം ശക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചിക്കബല്ലാപ്പൂർ മണ്ഡലത്തിൽ നിന്ന് ഒന്നരലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ. സുധാകർ കോൺഗ്രസ് സ്ഥാനാർഥി എം.എസ് രക്ഷാ രാമയ്യയെ പരാജയപ്പെടുത്തിയത്.