India
കുടിയന്മാർ ഇന്ത്യക്കാരല്ല, മഹാപാപികൾ; മദ്യ നിരോധന നിയമഭേദഗതിയുമായി നിതീഷ് കുമാർ
India

'കുടിയന്മാർ ഇന്ത്യക്കാരല്ല, മഹാപാപികൾ'; മദ്യ നിരോധന നിയമഭേദഗതിയുമായി നിതീഷ് കുമാർ

Web Desk
|
31 March 2022 4:55 AM GMT

2016 ൽ ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് ആക്ട് പ്രകാരമാണ് സംസ്ഥാനത്ത് മദ്യം നിരോധിച്ചത്

കുടിയന്മാർ ഇന്ത്യക്കാരല്ലെന്നും മഹാപാപികളാണെന്നും വിഷമദ്യ ദുരന്തത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് സഹായം നൽകാനാകില്ലെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ആദ്യമായി മദ്യ നിരോധന നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ കുറച്ചുള്ള നിയമഭേദഗതി പാസാക്കി നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷമദ്യം കുടിക്കുന്നവർക്ക് മാത്രമാണ് ദൂഷ്യഫലങ്ങളിലുള്ള ഉത്തരവാദിത്വമെന്നും സർക്കാറിന് യാതൊരു പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി മദ്യപാനത്തെ എതിർത്തിരുന്നുവെന്നും അവരെ മഹാപാപികളായാണ് കണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇവരെ ഇന്ത്യക്കാരായി താൻ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



പുതുതായി സർക്കാർ കൊണ്ടുവന്ന ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് ഭേദഗതി ബിൽ 2022 ന് ഗവർണർ അംഗീകാരം നൽകിയാൽ, ആദ്യമായി നിയമം ലംഘിക്കുന്നവർക്ക് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ അടുത്ത്‌നിന്ന് തന്നെ ജാമ്യം നേടാനാകും. പിഴത്തുക അടച്ചാൽ മതിയാകും. എന്നാൽ പിഴ അടച്ചില്ലെങ്കിൽ ഒരു മാസം ജയിലിൽ കിടക്കേണ്ടി വരും. നിയമലംഘനത്തിന് പിടിയിലാകുന്നവർ മദ്യം ആരിൽനിന്ന് ലഭിച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ഭേദഗതിയിൽ പറയുന്നുണ്ട്.

എന്നാൽ സംസ്ഥാനത്ത് അടിക്കടി വിഷമദ്യ ദുരന്തമുണ്ടാകാൻ കാരണം സർക്കാറിന്റെ മദ്യ നിരോധനം കാര്യക്ഷമമാകാത്തതാണെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. 2021 ലെ അവസാന ആറു മാസങ്ങളിൽ 60 പേർ വിഷമദ്യ ദുരന്തത്തിൽ മരിച്ചതിനെ തുടർന്ന് സഖ്യകക്ഷിയായ ബിജെപിയം പ്രതിപക്ഷമായ ആർജെഡിയും മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിച്ചിരുന്നു. മദ്യ നിരോധനം കടലാസിൽ മാത്രമാണെന്ന് പ്രതിപക്ഷം പരിഹസിച്ചിരുന്നു. ഉദ്യോഗസ്ഥർ നിയമം നടപ്പാക്കുന്നില്ലെന്നും പണമുണ്ടാക്കാനുള്ള മാർഗമായി നിയമത്തെ കാണുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

ബിഹാറിലെ മദ്യ നിരോധനം

2016 ൽ ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് ആക്ട് പ്രകാരമാണ് സംസ്ഥാനത്ത് മദ്യം നിരോധിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന നിയമം നടപ്പാക്കിയതിനെ തുടർന്ന് നിരവധി പേർ ജയിലിലായിരുന്നു. അവരിൽ ഭൂരിപക്ഷവും ദരിദ്രരായിരുന്നു. ചെറിയ കേസിൽ പോലും ഒരു വർഷമെടുത്താണ് ജാമ്യം ലഭിച്ചിരുന്നത്. ഇതിനെ തുടർന്ന് നിയമത്തെ പലരും വിമർശിച്ചിരുന്നു.

പാറ്റ്‌ന ഹൈക്കോടതിയിലെ 14-15 ജഡ്ജിമാർ മദ്യ നിരോധന നിയമപ്രകാരമുള്ള കേസുകൾ മാത്രമാണ് കേൾക്കുന്നതെന്നും അത് കോടതിയുടെ താളം തെറ്റിക്കുകയാണെന്നും സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു.


Similar Posts