India
Aligarh Muslim University
India

അലിഗഢ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരുമെന്ന് സുപ്രിം കോടതി

Web Desk
|
8 Nov 2024 6:00 AM GMT

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ 7 അംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്

ഡല്‍ഹി: അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരുമെന്ന് സുപ്രിം കോടതി. സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് കോടതി റദ്ദാക്കി. സർവ്വകലാശാല ന്യൂനപക്ഷ സ്ഥാപനമാണോയെന്ന് പരിശോധിക്കൻ മൂന്നംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ 7 അംഗ ഭരണഘടന ബെഞ്ചിന്‍റേതാണ് സുപ്രധാന ഉത്തരവ്.

ഒരു സ്ഥാപനം ന്യൂനപക്ഷ സ്ഥാപനമാകാൻ അത് സ്ഥാപിച്ചത് ന്യൂനപക്ഷമായാൽ മതിയെന്നും ഭരണനിർവഹണം ന്യൂനപക്ഷത്തിനാകണമെന്നില്ലെന്നും പ്രഖ്യാപിച്ചാണ് സുപ്രിം കോടതിയുടെ ചരിത്ര വിധി. ആർട്ടിക്കിൾ 30 പ്രകാരം അലിഗഢ് സർവകലാശാല ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എഴുതിയ വിധിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ പിന്തുണച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കര്‍ ദത്ത, എസ്.സി. ശര്‍മ്മ എന്നിവര്‍ ഭിന്നവിധി എഴുതി. അലിഗഢ് മുസ്‍ലിം സര്‍വകലാശാല, പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപീകൃതമായതിനാല്‍ ന്യൂനപക്ഷ പദവി അവകാശപ്പെടാനാകില്ലെന്ന പഴയ വിധിയാണ് ചീഫ് ജസ്റ്റിസ് എഴുതിയ ഭൂരിപക്ഷ വിധിയിലൂടെ റദ്ദാക്കപ്പെട്ടിരിക്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനമരുതെന്ന് ഭരണഘടനയുടെ 30 -ാം അനുച്ഛേദം പറയുന്നതിൽ ആർക്കും തർക്കമില്ലെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. അലിഗഢ് മുസ്‌ലിം സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അസീസ് ബാഷ കേസിലെ സുപ്രിം കോടതി വിധി കൂടെ റദ്ദാക്കിയാണ് ഏഴംഗ ഭരണഘടന ബെഞ്ചിന്‍റെ 4-3 ഭൂരിപക്ഷ വിധി. ആ വിധിയല്ല,ഈ വിധിയായിരിക്കും ഇനി അലിഗഢിന്‍റെ ന്യൂനപക്ഷ പദവി നിർണയിക്കുകയെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് ഭൂരിപക്ഷ വിധിന്യായത്തില്‍ പറഞ്ഞു.

സർവകലാശല ന്യൂനപക്ഷ സ്ഥാപനം അല്ലെന്നും ആർട്ടിക്കിൾ 30ന് കീഴിൽ വരില്ലെന്നുമായിരുന്നു ഭിന്നവിധിയിൽ ദീപങ്കർ ദത്ത എഴുതിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകുന്നത് സംബന്ധിച്ച മാർഗരേഖ കോടതി പുറത്തിറക്കി. ഈ മാർഗ്ഗ രേഖയുടെ അടിസ്ഥാനത്തിൽ അലിഗഢ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനം ആണോ എന്ന കാര്യത്തിൽ മൂന്നംഗ ബെഞ്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു.

Similar Posts