India
isis arrest
India

ഐഎസ് ബന്ധം ആരോപിച്ച് വിദ്യാർത്ഥിയുടെ അറസ്റ്റ്: പരിശോധനയുമായി അലിഗഡ് സർവകലാശാല

Web Desk
|
21 July 2023 12:59 PM GMT

അലിഗഡ് സർവകലാശാലയിലെ ബിഎ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ് 19കാരനായ ഫൈസാൻ. ഫൈസാന്റെ ജാർഖണ്ഡിലെ വീട്ടിലും ഉത്തർപ്രദേശിലെ വാടക താമസസ്ഥലത്തും നടത്തിയ പരിശോധനക്ക് ശേഷമാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

ഡൽഹി: തീവ്രവാദ സംഘടനയായ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ് (ഐഎസ്ഐഎസ്) ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത 19കാരനായ വിദ്യാർത്ഥി ഫൈസാൻ അൻസാരിയുടെ രേഖകൾ പരിശോധിച്ചുവരുന്നതായി അലിഗഡ് മുസ്ലീം സർവ്വകലാശാല അധികൃതർ.

ഫായിസ് എന്ന ഫൈസാന്റെ മുഴുവൻ രേഖകളും സർവകലാശാല അധികൃതർ പരിശോധിച്ചുവരികയാണ്. വേനലവധിക്ക് ശേഷം കോളേജ് തുറന്നാൽ ഫൈസാന്റെ പൂർവ്വികരുടെയടക്കം വ്യക്തമായ ചിത്രം ലഭ്യമാകുമെന്ന് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി പ്രൊക്ടർ മുഹമ്മദ് വസീൻ പിടിഐയോട് പറഞ്ഞു.

ആഗോള ഭീകര സംഘടനയായ ഐഎസിൽ അംഗമാണെന്ന് ആരോപിച്ചാണ് ഫൈസാനെ എൻഐഎ അറസ്റ്റ് ചെയ്തത്. ഫൈസാന്റെ ജാർഖണ്ഡിലെ വീട്ടിലും ഉത്തർപ്രദേശിലെ വാടക താമസസ്ഥലത്തും നടത്തിയ പരിശോധനക്ക് ശേഷമാണ് അറസ്റ്റ്.

കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റിയുടെ ബിഎ (ഇക്കണോമിക്സ്) കോഴ്സിലാണ് ഫൈസാൻ അൻസാരി പ്രവേശനം നേടിയതെന്ന് അധികൃതർ പറഞ്ഞു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കാൻ അപേക്ഷ നൽകിയെങ്കിലും ഹോസ്റ്റലിൽ ഒഴിവില്ലാത്തതിനാൽ മറ്റൊരിടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ജൂണിൽ അൻസാരി വാർഷിക പരീക്ഷ എഴുതിയിരുന്നോ എന്നറിയാൻ സർവകലാശാല അതിന്റെ രേഖകൾ പരിശോധിച്ചുവരികയാണ്. ഈ വർഷം ആദ്യം ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയിരുന്നുവെന്ന് യൂണിവേഴ്സിറ്റി പ്രൊക്ടർ മുഹമ്മദ് വസീൻ പറഞ്ഞു.

ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിലെ അൻസാരിയുടെ വീട്ടിലും അലിഗഡിലെ വാടകമുറിയിലും ജൂലൈ 16-17 തീയതികളിൽ നടത്തിയ പരിശോധനയിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കുറ്റാരോപണ വസ്തുക്കളും രേഖകളും പിടിച്ചെടുത്തതായി എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.ഫൈസാൻ തന്റെ കൂട്ടാളികൾക്കും മറ്റ് ചില വ്യക്തികൾക്കുമൊപ്പം ഇന്ത്യയിലെ ഐഎസ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സോഷ്യൽ മീഡിയയിലൂടെ സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും ക്രിമിനൽ ഗൂഢാലോചന നടത്തിയിരുന്നതായും എൻഐഎ ആരോപിക്കുന്നു. അന്വേഷണത്തിൽ ഇക്കാര്യങ്ങൾ തെളിഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

Similar Posts