അനധികൃത ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊളിച്ച മൂന്ന് ക്ഷേത്രങ്ങൾ പുനർനിർമ്മിച്ചു നൽകും: അൽവാർ ജില്ലാ ഭരണകൂടം
|കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് ക്ഷേത്രങ്ങളും ചില കടകളും നീക്കിയത്
ജയ്പൂർ: അനധികൃത ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊളിച്ച മൂന്ന് ക്ഷേത്രങ്ങൾ പുനർനിർമ്മിച്ചു നൽകുമെന്ന് അൽവാർ ജില്ലാ ഭരണകൂടം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് ക്ഷേത്രങ്ങളും ചില കടകളും നീക്കിയത്. രാജ്ഗ്രഹ് ടൗണിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് അധികൃതർ അറിയിച്ചത്.
എന്നാൽ സംഭവം ചർച്ചയായതോടെ പൊളിച്ച മൂന്ന് ക്ഷേത്രങ്ങളും പുനർനിർമ്മിച്ച് നൽകുമെന്ന് അധികൃതർ അറിയിച്ചതായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അതേസമയം, ക്ഷേത്രം പൊളിച്ചതുമായി ബന്ധപ്പെട്ട് വിമർശനങ്ങളുമായി ബി.ജെ.പിയും കോൺഗ്രസും രംഗത്തെത്തി.
രാജസ്ഥാൻ സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് ക്ഷേത്രം പൊളിക്കാൻ തീരുമാനിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് സതീഷ് പൂനിയ ആരോപിച്ചു. എന്നാൽ പൊളിക്കാൻ ഉത്തരവിട്ടത് ബി.ജെ.പി ഭരിക്കുന്ന ജില്ലാഭരണകൂടമാണെന്ന് കോൺഗ്രസ് പ്രസിഡണ്ട് ഗോവിന്ദ് സിംങ് ആരോപിച്ചു.ക്ഷേത്രം പൊളിച്ചതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ്, നഗര പാലിക ചെയർമാൻ എന്നിവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ബൻവർ ജിതേന്ദ്ര സിങ് പറഞ്ഞു.