ഫീസടക്കാൻ പണമില്ലാത്തതിനാൽ ദളിത് വിദ്യാര്‍ഥിനിക്ക് ഐഐടി അഡ്മിഷൻ നിഷേധിച്ചു; ഫീസ് സ്വന്തം കൈയിൽ നിന്ന് അടച്ച് അലഹബാദ് ഹൈക്കോടതി ജഡ്ജ്
|പഠനത്തില്‍ മിടുക്കിയായ വിദ്യാര്‍ഥിനിക്ക് ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 92.77 ശതമാനം മാർക്ക് നേടി എസ്.സി വിഭാഗത്തിൽ 2062-ാം റാങ്കുണ്ടായിരുന്നു. കൂടാതെ ജെ.ഇ.ഇ അഡ്വാവൻസ്ഡിൽ എസ്.സി വിഭാഗത്തിൽ 1469-ാം റാങ്കും വിദ്യാർഥിനി നേടിയിരുന്നു.
മനുഷ്യത്വപരമായ തീരുമാനങ്ങൾ കൊണ്ട് ചില കോടതി വിധികൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലൊരു വിധിയാണ് തിങ്കളാഴ്ച അലഹബാദ് ഹൈക്കോടതിയിൽ നിന്ന് പുറത്തുവന്നത്.
സാമ്പത്തിക പ്രയാസം മൂലം നിശ്ചിത തീയതിക്കുള്ളിൽ ഫീസടക്കാത്തതിന് ഐഐടി വാരണസിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട ദളിത് വിദ്യാർഥിനിക്ക് പ്രവേശനം നൽകാൻ വിധിച്ചിരിക്കുകയാണ് കോടതി. അത് കൂടാതെ വിദ്യാർഥിനി അടക്കാനുള്ള ഫീസായ 15,000 രൂപ കേസിൽ വിധി പറഞ്ഞ ജഡ്ജ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് അടക്കുമെന്നും അറിയിച്ചു. കോടതി സമയം കഴിഞ്ഞയുടൻ തുക ഐഐടിക്ക് ജഡ്ജ് കൈമാറി.
പഠനത്തില്‍ മിടുക്കിയായ വിദ്യാര്‍ഥിനിക്ക് ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 92.77 ശതമാനം മാർക്ക് നേടി എസ്.സി വിഭാഗത്തിൽ 2062-ാം റാങ്കുണ്ടായിരുന്നു. കൂടാതെ ഈ വർഷം ഒക്ടോബറിൽ നടന്ന ജെ.ഇ.ഇ അഡ്വാവൻസ്ഡിൽ എസ്.സി വിഭാഗത്തിൽ 1469-ാം റാങ്കും വിദ്യാർഥിനി നേടിയിരുന്നു.
പിന്നീട് ഐഐടി (ബി.എച്ച്.യു) വാരണസിയിൽ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങിന് [ബാച്ചിലർ ആൻഡ് മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യൂയൽ ഡിഗ്രി)] വിദ്യാർഥിനിക്ക് സീറ്റ് ലഭിക്കുകയും ചെയ്തു. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിദ്യാർഥിനിക്ക് അവസാന തീയതിക്ക് മുമ്പ് പ്രവേശനഫീസായ 15,000 രൂപ അടക്കാൻ സാധിച്ചില്ല. ഇതിനെ തുടർന്ന് ഐഐടി അഡ്മിഷൻ നിഷേധിക്കുകയായിരുന്നു.
സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോടതിയിൽ നല്കിയ ഹർജിയിൽ പരാതിക്കാരി പറയുന്നത് തന്റെ അച്ഛൻ ആഴ്ചയിൽ രണ്ട് പ്രാവശ്യം ഡയാലിസിസിന് വിധേയമാകുന്നുണ്ടെന്നും അതിനെ തുടർന്നുണ്ടായ അനാരോഗ്യം മൂലം ജോലിക്ക് പോകാൻ സാധിക്കുന്നില്ലെന്നും കൂടാതെ കോവിഡും പ്രതിസന്ധി സൃഷ്ടിച്ചതിനെ തുടർന്ന് പറഞ്ഞ സമയത്തിനുള്ളിൽ ഫീസ് അടക്കാൻ സാധിച്ചില്ല എന്നാണ്.
പിന്നീട് പരാതിക്കാരിയും അച്ഛനും പലപ്രാവശ്യം ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റിക്ക് സമയം നീട്ടിനൽകാൻ കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും ഹരജിയിൽ പറയുന്നു. ഹരജിക്കാരിയായ ദളിത് വിദ്യാർഥിനി കോടതിക്ക് മുന്നിൽ വന്നത് ഐ.ഐ.ടി അഡ്മിഷനിൽ സമത്വം വേണമെന്ന് ആവശ്യപ്പെട്ടാണ്. അവളുടെ സ്വപ്നം സഫലമാക്കാനാണ് കോടതി അവളുടെ പഠനത്തിനുള്ള ഫീസായ 15,000 രൂപ നൽകുന്നത്.
നിലവിൽ സീറ്റുകൾ ഒഴിവില്ലെങ്കിൽ ഐ.ഐ.ടിയും ജെഎസ്എയും ചേർന്ന് സൂപ്പർ ന്യൂമററി സീറ്റ് സൃഷ്ടിച്ച് ഹരജിക്കാരിക്ക് പ്രവേശനം നൽകണം. മൂന്ന് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകളുമായി കോടതിയിലെത്തി അഡ്മിഷൻ നേടാൻ ഐ.ഐ.ടിയിൽ എത്തണമെന്ന് കോടതി ഹരജിക്കാരിയോട് നിർദേശിച്ചു.
കഴിഞ്ഞയാഴ്ച സമാനമായ രീതിയിൽ ഓൺലൈൻ ഫീസ് പേയ്മന്റിലുണ്ടായ സാങ്കേതികപ്രശ്നം മൂലം ദളിത് വിദ്യാർഥിക്ക് അഡ്മിഷൻ നൽകാൻ ഐഐടി ബോംബെയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
Summary: Allahabad HC Directs IIT To Admit Dalit Girl Who Lost Seat Over Failure To Pay Fee In Time; Court Contributes Towards Her Fee