ഗ്യാൻവാപിയിൽ ക്ഷേത്രനിർമാണം: മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി
|ഗ്യാൻവാപി മസ്ജിദ് പൊളിച്ചുമാറ്റി ക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്
ലഖ്‌നൗ: ഗ്യാൻവാപിയിൽ ക്ഷേത്രനിർമ്മാണത്തിന് അനുമതി തേടിയതിനെതിരായ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയാണു കോടതി തള്ളിയത്. ക്ഷേത്ര നിർമാണത്തിന് അനുമതി തേടാൻ ആരാധനാലയ നിയമം തടസമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗ്യാൻവാപി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്. 1991 മുതലുള്ള ഹരജികളാണു കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ നേരത്തെ വിശദമായി വാദം കേട്ടിരുന്നു. ഇതിൽ വിധി പറയാനായി ഇന്നത്തേക്കു മാറ്റിവച്ചതായിരുന്നു. ഇതിൽ മസ്ജിദ് കമ്മിറ്റിയും ഉത്തർപ്രദേശിലെ സുന്നി വഖഫ് ബോർഡും ശക്തമായി എതിർത്തിരുന്നു.
ഈ എതിർപ്പുകൾ തള്ളിയാണ് ഹരജികൾ നിലനിൽക്കുമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹരജികൾക്ക് ആരാധനാലയ സംരക്ഷണ നിയമം ബാധകമാകില്ലെന്നു കൂടി കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹരജികളിൽ ആറു മാസത്തിനകം വാദം കേട്ടു തീരുമാനമെടുക്കാൻ വാരണാസി ജില്ലാ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഗ്യാൻവാപിയിൽ ഇനിയും സർവേ ആവശ്യമാണെങ്കിൽ അതുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
Summary: Allahabad High Court dismisses mosque committee's plea against seeking permission for construction of temple at Gyanvapi