യോഗി ആദിത്യനാഥിനെ പുകഴ്ത്തിയ ജഡ്ജിയുടെ പരാമർശം തള്ളി അലഹബാദ് ഹൈക്കോടതി
|മത നേതാവ് അധികാര കസേരയിലിരിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് യോഗി ആദിത്യനാഥെന്നായിരുന്നു പരാമർശം
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിക്കൊണ്ടുള്ള ജഡ്ജിയുടെ പരാമർശം തള്ളി അലഹബാദ് ഹൈക്കോടതി. ജഡ്ജിമാർ ഉത്തരവുകളിൽ വ്യക്തിപരമായ കാര്യങ്ങളോ മുൻവിധിയോ പ്രകടിപ്പിക്കാൻ പാടില്ലെന്ന് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര വ്യക്തമാക്കി. അഡീഷനൽ സെഷൻസ് ജഡ്ജി രവികുമാർ ദിവാകർ മാർച്ച് അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിൽ രാഷ്ട്രീയവും വ്യക്തിപരമായ വീക്ഷണങ്ങളും അടങ്ങുന്ന അനാവശ്യ പ്രസ്താവനകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി ഉത്തരവുകൾ പൊതുഉപഭോഗത്തിന് വേണ്ടിയുള്ളതാണ്. ഇത്തരം ഉത്തരവുകൾ ജനങ്ങൾ തെറ്റായി വ്യാഖ്യാനിക്കാൻ സാധ്യതയുണ്ട്. വിഷയത്തിൽ മാത്രം കേന്ദ്രീകരിച്ചുള്ള പ്രസ്താവനകൾ വേണം ജഡ്ജിമാർ നടത്തേണ്ടത്. അതിനാൽ തന്നെ ഉത്തരവിന്റെ പേജ് ആറിലെ അവസാന ഖണ്ഡികയിൽ ജഡ്ജി നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര ഉത്തരവിട്ടു.
മത നേതാവ് സംസ്ഥാനത്ത് അധികാര കസേരയിലിരിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്നായിരുന്നു ഉത്തർ പ്രദേശിലെ ബറേലി ജില്ല അഡീഷനൽ ജില്ല ജഡ്ജി രവികുമാർ ദിവാകർ ഉത്തരവിൽ പറഞ്ഞത്. 2010ൽ ബറേലിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് മുസ്ലിം പണ്ഡിതനും രാഷ്ട്രീയ നേതാവുമായ മൗലാന തൗഖീർ റാസാഖാന്റെ വിചാരണക്കിടയിലായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. 2022ൽ ഗ്യാൻവാപി പള്ളി പരിസരത്ത് വീഡിയോ സർവേക്ക് ഉത്തരവിട്ടതും ജഡ്ജി രവികുമാർ ദിവാകറായിരുന്നു.
അധികാരത്തിന്റെ തലവൻ മതവിശ്വാസി ആയിരിക്കണം. കാരണം ഒരു മതവിശ്വാസിയുടെ ജീവിതം ആസ്വാദനത്തിനുള്ളതല്ല, മറിച്ച് ത്യാഗത്തിന്റെയും സമർപ്പണത്തിന്റേതുമാണ്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് യോഗി ആദിത്യനാഥ്.
ഒരു മതവിശ്വാസി അധികാരത്തിന്റെ ഇരിപ്പിടത്തിൽ ഇരിക്കുകയാണെങ്കിൽ അത് വളരെ നല്ല ഫലങ്ങൾ നൽകുന്നു. തത്വചിന്തകനായ പ്ലേറ്റോ തന്റെ റിപബ്ലിക് എന്ന പുസ്തകത്തിൽ തത്വചിന്തകനായ രാജാവ് എന്ന ആശയത്തിൽ അവതരിപ്പിച്ചത് ഇതാണ്. ഒരു തത്വചിന്തകനായ രാജാവ് ഉണ്ടാകുന്നത് വരെ നാട്ടിൽ കഷ്ടപ്പാടുകൾക്ക് അവസാനമുണ്ടാകില്ലെന്നാണ് പ്ലേറ്റോ പറഞ്ഞതെന്നും ജഡ്ജി ദിവാകാർ പറഞ്ഞു.
സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ സർക്കാർ ഇല്ലായിരുന്നെങ്കിൽ ബറേലിയിൽ മറ്റൊരു കലാപത്തിന് മൗലാന തൗഖീർ പ്രേരണ നൽകുമായിരുന്നു. മനഃപൂർവം കലാപത്തിന് പ്രേരിപ്പിച്ച മുഖ്യ സൂത്രധാരനായ മൗലാന തൗക്കീർ റാസയുടെ പേര് കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനെതിരെ മതിയായ തെളിവുകൾ ലഭിച്ചതാണ്. അന്നത്തെ പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയതായി ഇത് കാണിക്കുന്നുവെന്നും ജഡ്ജി പറഞ്ഞു.
മൗലാന തൗക്കീർ റാസാഖാനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടാതെ കേസിൽ വിചാരണ നേരിടാൻ സമൻസ് അയക്കുകയും ചെയ്തു. തന്റെ ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നിൽ സമർപ്പിക്കാനും ജഡ്ജി നിർദേശിച്ചിരുന്നു.
ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൗലാന തൗക്കീർ റാസാഖാൻ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഹർജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. റാസാഖാനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് റദ്ദാക്കാൻ കോടതി വിസമ്മതിച്ചെങ്കിലും, മാർച്ച് 27 വരെ വാറണ്ട് നടപ്പാക്കരുതെന്നും ഉത്തരവിട്ടു.