പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചെന്ന് ആരോപണം; അധ്യാപകൻ ആൾക്കൂട്ട മർദനത്തിൽ മരിച്ചു
|പോക്സോ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു
അഗർത്തല: ത്രിപുരയിലെ ഉദയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു സംഘം ആളുകൾ മർദിച്ച അധ്യാപകൻ മരിച്ചു. ആൾക്കൂട്ട മർദനത്തിന് രണ്ട് ദിവസം ശേഷം ഞായറാഴ്ചയാണ് അധ്യാപകൻ മരിച്ചത്. സംഭവത്തിൽ ത്രിപുര പൊലീസ് കേസെടുത്തു.
ട്യൂഷൻ ക്ലാസിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് ആഗസ്ത് എട്ടിന് അഭിജിത്ത് ദേയ് (40) എന്നയാൾ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ആൾക്കൂട്ടം മർദിച്ചതിന് ശേഷമാണ് ഇയാളെ ഏരിയ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. പോക്സോ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ആഗസ്റ്റ് 8 ന് അറസ്റ്റിലായ ഇയാളെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോടതി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അധ്യാപികനേറ്റ പരിക്കാണ് മരണകാരണം എന്നാരോപിച്ച് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി.
ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് പറയാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.