‘നീറ്റ്’ പരീക്ഷാ ക്രമക്കേടിൽ ചർച്ച: ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫാക്കിയതായി ആരോപണം
|യുവാക്കളുടെ ശബ്ദം സർക്കാർ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ്
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം ലോക്സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്തതായി കോൺഗ്രസ് ആരോപണം. മൈക്ക് ഓണാക്കണമെന്ന് രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടുന്ന വിഡിയോ കോൺഗ്രസ് ‘എക്സി’ൽ പങ്കുവെച്ചിട്ടുണ്ട്. നീറ്റ് വിവാദത്തിൽ ചർച്ച വേണമെന്നും സർക്കാർ പ്രസ്താവന നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
എന്നാൽ, എം.പിമാരുടെ മൈക്ക് ഓഫ് ചെയ്യാറില്ലെന്നും തനിക്ക് അത്തരത്തിലുള്ള നിയന്ത്രണമില്ലെന്നും സ്പീക്കർ പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിലൂന്നിയാകണം ചർച്ച. മറ്റു കാര്യങ്ങൾ സഭയിൽ രേഖപ്പെടുത്തില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
‘ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നീറ്റിനെക്കുറിച്ച് ഒന്നും പറയുന്നില്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ യുവാക്കളുടെ ശബ്ദം ഉയർത്തുകയാണ്. പക്ഷെ, ഇത്രയും ഗുരുതരമായ വിഷയത്തിൽ മൈക്ക് ഓഫ് ചെയ്ത് യുവാക്കളുടെ ശബ്ദം അടിച്ചമർത്തുകയാണ് സർക്കാർ’ -‘എക്സി’ൽ വിഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് ആരോപിച്ചു.
നീറ്റ് പരീക്ഷാക്രമക്കേട് ചർച്ച ചെയ്യാനായി കെ.സി. വേണുഗോപാൽ ലോക്സഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയമാണ് സഭ ചർച്ച ചെയ്യുകയെന്ന് സ്പീക്കർ പറഞ്ഞു. ലോക്സഭ ബഹളത്തിൽ മുങ്ങിയതോടെ സ്പീക്കർ സഭ നിർത്തിവെച്ചു.
നീറ്റ് പരീക്ഷയെക്കുറിച്ചും ചോദ്യപേപ്പർ ചോർച്ച വിഷയത്തെക്കുറിച്ചും സർക്കാറുമായി ക്രിയാത്മക സംവാദം നടത്താനാണ് ഇൻഡ്യാ മുന്നണി ആവശ്യപ്പെടുന്നതെന്ന് രാഹുൽ ഗാന്ധി പിന്നീട് എക്സിൽ കുറിച്ചു. ഇന്ന് പാർലമെന്റിൽ അതിന് അനുവദിക്കാത്തത് ദൗർഭാഗ്യകരമാണ്. ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഗുരുതര വിഷയമാണിത്. ഈ വിഷയം ചർച്ച ചെയ്യാനും വിദ്യാർഥികൾക്ക് അർഹമായ ബഹുമാനം നൽകാനും പ്രധാനമന്ത്രിയോട് അഭ്യർഥിക്കുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.