മതപരിവർത്തന ശ്രമമെന്ന്: യു.പിയിൽ ചർച്ചിലെ പുരോഹിതനടക്കം പത്ത് പേർ അറസ്റ്റിൽ
|വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്
ലഖ്നൗ: ഹിന്ദു മതവിശ്വാസികളെ ക്രിസ്ത്യാനികളാക്കാൻ ശ്രമിച്ചെന്നാരോപിച്ച് ചർച്ചിലെ പുരോഹിതനടക്കം 10 പേരെ അറസ്റ്റ് ചെയ്തതായി ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു. സംസ്ഥാന മതപരിവർത്തന വിരുദ്ധ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു.
ബരാബങ്കി ജില്ലയിലെ ദേവ പ്രദേശത്തെ സെന്റ് മാത്യൂസ് മെത്തഡിസ്റ്റ് ചർച്ചിലെ കൂട്ട മതപരിവർത്തന ശ്രമം പരാജയപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിജയ് കുമാർ ത്രിവേദിക്കൊപ്പം പൊലീസ് സംഘം പള്ളിയിൽ റെയ്ഡ് നടത്തുകയായിരുന്നു. ഈ സമയം ഇവിടെ 200ഓളം പേരുണ്ടായിരുന്നു. ഇതിൽ കൂടുതലും പട്ടികജാതി വിഭാഗങ്ങളിൽനിന്നുള്ളവരാണ്.
പുരോഹിതന്റെ ആഹ്വാനപ്രകാരമാണ് ഇവർ എത്തിയതെന്ന് ബരാബങ്കി (സിറ്റി) സർക്കിൾ ഓഫീസർ ബീനു സിംഗ് പറഞ്ഞു. മതപരമായ പ്രവർത്തനത്തിലൂടെ അസുഖം ചികിത്സിക്കാമെന്ന വ്യാജേന അയോധ്യയിൽനിന്ന് ഇവരെ കൊണ്ടുവരികയും ജോലി വാഗ്ദാനം ചെയ്തതായും പൊലീസ് പറയുന്നു. പുരോഹിതൻ മറ്റുള്ളവരുടെ സഹായത്തോടെ അവരെ പള്ളിയിൽ ആരാധന നടത്തി ക്രിസ്ത്യാനികളാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഭൂരിഭാഗം ആളുകളും നിരക്ഷരരാണെന്നും പള്ളിയിൽ ഒത്തുകൂടിയതിന് പിന്നിലെ ഉദ്ദേശ്യം അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും ബീനു സിംഗ് പറഞ്ഞു.
പള്ളിയിലെ പുരോഹിതൻ ഫാദർ ഡൊമിനിക്കിനെ കൂടാതെ സർജു പ്രസാദ് ഗൗതം, പവൻ കുമാർ, സുനിൽ പാസി, ഘനശ്യാം ഗൗതം, സുരേന്ദ്ര പാസ്വാൻ, രാഹുൽ പാസ്വാൻ, രാംചരൺ റാവത്ത്, ധർമേന്ദ്ര കോറി, സൂരജ് ഗൗതം എന്നിവരെയാണ് സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ലഖ്‌നൗ നിവാസികളായ സുസെയ്ൻ ഡാനിയൽ, ഡിജെ ജോസ്ഫ് എന്നിവരായിരുന്നു പരിപാടിയിലെ പ്രധാന പ്രഭാഷകർ. പൊലീസ് സംഘം പള്ളിയിൽ എത്തും മുമ്പ് ഇവർ രക്ഷപ്പെട്ടു. ആഹുതി, സംഗീത ഗൗതം, സോന റാവത്ത് എന്നിവരാണ് പരിപാടിയുടെ സംഘാടകർ. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ബ്രിജേഷ് കുമാർ വൈഷ്, ബജ്‌റംഗ്ദൾ ജില്ലാ കൺവീനർ അഖണ്ഡ് പ്രതാപ് സിങ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ 15 പേർക്കെതിരെയും മറ്റു ചിലർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മതപരിവർത്തന വിരുദ്ധ നിയമത്തിലെ സെക്ഷൻ 3, 5(1) പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
ഒരു വ്യക്തി നേരിട്ടോ അല്ലാതെയോ മറ്റൊരാളെ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് തെറ്റായി ചിത്രീകരിച്ചോ അനാവശ്യ സ്വാധീനം ചെലുത്തിയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ പരിവർത്തനം ചെയ്യുകയോ മതപരിവർത്തനം നടത്തുകയോ ചെയ്യരുതെന്നാണ് സെക്ഷൻ 3ൽ പറയുന്നത്. സെക്ഷൻ 5(1) പ്രകാരം, മറ്റു മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ ജില്ലാ മജിസ്‌ട്രേറ്റിനോ എ.ഡി.എമ്മിനോ 60 ദിവസം മുമ്പെങ്കിലും അതേക്കുറിച്ച് വിവരം നൽകണം.
Summary : 10 people, including a church priest, have been arrested for allegedly trying to convert Hindus to Christianity, Uttar Pradesh police said