സ്റ്റോക്ക് മാർക്കറ്റ് അഴിമതി ആരോപണം; രാഹുലിന് മറുപടിയുമായി ബിജെപി
|തെരഞ്ഞെടുപ്പിലെ തോൽവി രാഹുലിന് മറക്കാൻ കഴിയുന്നില്ലെന്ന് പിയൂഷ് ഗോയൽ
ഡൽഹി: സ്റ്റോക്ക് മാർക്കറ്റ് അഴിമതി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ തിരിച്ചടിച്ച് ബിജെപി. ' ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി രാഹുൽ ഗാന്ധിക്ക് ഇതുവരെ മറികടക്കാനായിട്ടില്ല. അദ്ദേഹം വിപണിയിലെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണ്. ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ രാഹുലിന്റെ വാദങ്ങൾ വിലപ്പോവില്ല'. ബിജെപി നേതാവ് പിയൂഷ് ഗോയൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഓഹരി വിപണിയിൽ വൻ അഴിമതി നടന്നു. സ്റ്റോക്ക് വാങ്ങാൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. നടന്നത് ക്രിമിനൽ കുറ്റമാണെന്നും പാർലമെന്റ് സമിതി അന്വേഷിക്കണമെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. നിക്ഷേപകർ വഞ്ചിക്കപ്പെട്ടു. എക്‌സിറ്റ് പോൾ തെറ്റാണെന്ന് നരേന്ദ്രമോദിക്ക് അറിയാമായിരുന്നു. സ്റ്റോക്ക് മാർക്കറ്റ് കുതിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാർക്ക് കോടികൾ നഷ്ടമായി.- അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ധനമന്ത്രി നിർമല സീതാരാമനും അഴിമതിയിൽ പങ്കുണ്ടെന്നും രാഹുൽ ആരോപിച്ചിരുന്നു. സ്റ്റോക്കുകൾ വാങ്ങാൻ മെയ് 13ന് അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടു. ജൂൺ നാലിന് അത് കുതിച്ചുയരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 19ാം തീയതി പ്രധാനമന്ത്രിയും ഇതേ കാര്യം പറഞ്ഞു. ജൂൺ ഒന്നിന് എക്‌സിറ്റ് പോൾ ഫലം വന്നപ്പോൾ കുതിച്ചുയർന്ന സ്റ്റോക്ക് മാർക്കറ്റ്, ഫലം വന്നതിനുശേഷം ഇടിയുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സെബിയുടെ അന്വേഷണം നേരിടുന്ന അദാനിയുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനം ഒരേ ദിവസം തന്നെ പ്രധാനമന്ത്രിയുടെ രണ്ട് അഭിമുഖം പ്രസിദ്ധീകരിച്ചു. ഇത് എന്ത് അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം ചോദിച്ചു. തെളിവുകൾ നിരത്തിയായിരുന്നു രാഹുലിന്റെ ആരോപണങ്ങൾ.