ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജയിൽ മോചിതനായി
|സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചനം സാധ്യമായത്
ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ 24 ദിവസത്തിന് ശേഷം ജയിൽ മോചിതനായി. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് മോചനം സാധ്യമായത്. ഉത്തർപ്രദേശ് സർക്കാരിന്റെ കടുത്ത എതിർപ്പ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളുകയും എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ നിർദേശം നൽകുകയുമായിരുന്നു. കസ്റ്റഡിയിൽ വെയ്ക്കാൻ ഒരു ന്യായീകരണവും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
സുബൈർ ഇനി ട്വീറ്റ് ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന യുപി പൊലീസിന്റെ ആവശ്യം തള്ളിയ കോടതി ഒരു പത്രപ്രവർത്തകനോട് എഴുതരുത് എന്ന് പറയാൻ നമുക്ക് എങ്ങനെ കഴിയുമെന്ന് ചോദിച്ചു. യുപി പൊലീസ് രജിസ്റ്റർ ചെയ്ത 6 എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബൈർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സീതാപൂർ, ലഖിംപൂർ ഖേരി, ഹാത്രസ്, ഗാസിയാബാദ്, മുസഫർ നഗർ എന്നിവിടങ്ങളിലായാണ് സുബൈറിനെതിരെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തത്. നിലവിൽ ആറു കേസുകളണ് അദ്ദേഹത്തിനെതിരെയുള്ളത്.
ദില്ലിയിൽ രജിസ്റ്റർ ചെയ്തതിന് സമാനമായ കേസാണ് ഉത്തർപ്രദേശിലും സുബൈറിനെതിരെ എടുത്തത്. ദില്ലിയിലെ കേസിൽ പട്യാല കോടതിയും സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതിയും സുബൈറിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടികാണിച്ചാണ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡിൻറെ ബെഞ്ച് മറ്റ് ആറ് കേസുകളിൽ കൂടി ജാമ്യം അനുവദിച്ചത്. സുബൈറിനെ ദീർഘകാലം കസ്റ്റഡിയിൽ വച്ചത് ന്യായീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി.
അറസ്റ്റ് ചെയ്യാനുള്ള അധികാരം മിതമായി പ്രയോഗിക്കണമെന്ന് കോടതി പൊലീസിനെ ഓർമ്മിപ്പിച്ചു. 1983ലെ 'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തൽ, വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകൾ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാൻ ഭക്ത് എന്ന വ്യക്തിവിവരങ്ങൾ ഇല്ലാത്ത ട്വിറ്റർ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.