India
ജീവന് ഭീഷണിയുണ്ട്; ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജാമ്യം തേടി സുപ്രിംകോടതിയിൽ
India

'ജീവന് ഭീഷണിയുണ്ട്'; ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജാമ്യം തേടി സുപ്രിംകോടതിയിൽ

Web Desk
|
7 July 2022 6:42 AM GMT

ഹിന്ദു ദൈവങ്ങളെ 'വിദ്വേഷം വളർത്തുന്നവർ' എന്നു വിളിച്ചെന്നാരോപിച്ചാണ് സുബൈറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ ജാമ്യം തേടി ഡൽഹി മെട്രോപൊളീറ്റൻ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.

ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചു. സുബൈറിന് വധഭീഷണിയുണ്ടെന്നും സുരക്ഷയിൽ ആശങ്കയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോലിൻ കോൺസാൽവസ് കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരജിയിൽ സുപ്രിംകോടതി നാളെ വാദം കേൾക്കും.

ഹിന്ദു ദൈവങ്ങളെ 'വിദ്വേഷം വളർത്തുന്നവർ' എന്നു വിളിച്ചെന്നാരോപിച്ചാണ് സുബൈറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ ജാമ്യം തേടി ഡൽഹി മെട്രോപൊളീറ്റൻ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. 2018ലെ ഒരു ട്വീറ്റിന്റെ പേരിലാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാജ വാർത്തകൾ കണ്ടെത്തുന്ന സമാന്തര മാധ്യമസ്ഥാപനമായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈർ. ബിജെപി മുൻ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്നത് അദ്ദേഹമായിരുന്നു. കലാപാഹ്വാനം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വിദേശ ഫണ്ടിങ് നിയന്ത്രണ നിയമം തുടങ്ങിയ വകുപ്പുകളും പിന്നീട് അദ്ദഹത്തിനെതിരെ ചുമത്തിയിരുന്നു.

Similar Posts