ഗെഹലോട്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് താൻ ആവശ്യപ്പെട്ടെന്ന വാർത്ത തള്ളി സച്ചിൻ പൈലറ്റ്
|രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അശോക് ഗെഹലോട്ട് പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്നാണ് സൂചന.
ജയ്പൂർ: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ അശോക് ഗെഹലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പാടില്ലെന്ന് താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സച്ചിൻ പൈലറ്റ്. വാർത്താ ഏജൻസിയായ എഎൻഐ ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത വാർത്ത തെറ്റാണെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു. ഗെഹലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പാടില്ലെന്നും എംഎൽഎമാരെ ഒരുമിച്ച് കൊണ്ടുവരേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നും സച്ചിൻ ഹൈക്കമാൻഡിനോട് പറഞ്ഞെന്നായിരുന്നു എഎൻഐ റിപ്പോർട്ട്.
Am afraid this is false news being reported. https://t.co/iiHZ1ce9KV
— Sachin Pilot (@SachinPilot) September 27, 2022
അതേസമയം രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അശോക് ഗെഹലോട്ട് പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്നാണ് സൂചന. എംഎൽഎമാരുടെ വിമതനീക്കം ഗെഹലോട്ട് ആസൂത്രണം ചെയ്തതാണെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഹൈക്കമാൻഡ് നിരീക്ഷകരെ നോക്കുകുത്തികളാക്കി നടന്ന രാഷ്ട്രീയ നാടകത്തിൽ സോണിയാ ഗാന്ധിക്കും കടുത്ത അതൃപ്തിയുണ്ട്. ഗെഹലോട്ടിന് പകരം മുകുൾ വാസ്‌നിക്, മല്ലികാർജുർ ഖാർഗെ, ദിഗ്‌വിജയ് സിങ് തുടങ്ങിയവരിൽ ആരെങ്കിലും സ്ഥാനാർഥിയാകുമെന്നാണ് സൂചന.