എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി: അമരിന്ദര്‍ സിങ് പരിഗണനയില്‍
|ശിവരാജ് സിങ് ചൗഹാൻ, മുഖ്താർ അബ്ബാസ് നഖ്‌വി തുടങ്ങിയവരും പരിഗണനയിലുണ്ട്
ഡല്‍ഹി: പഞ്ചാബിന്‍റെ മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ അമരിന്ദര്‍ സിങ് എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി തുടങ്ങിയവരും പരിഗണനയിലുണ്ട്. ബി.ജെ.പിയുടെ പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം അന്തിമ തീരുമാനമെടുക്കും.
മുതുകിലെ ശസ്ത്രക്രിയയ്ക്കായി അമരിന്ദര്‍ സിങ് ഇപ്പോൾ ലണ്ടനിലാണ്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അമരിന്ദറിന്‍റെ പേര് നിര്‍ദേശിച്ചത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് രണ്ടാമൂഴം നല്‍കുമോയെന്നും വ്യക്തമല്ല.
കഴിഞ്ഞ വർഷം പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടതിനെ തുടർന്നാണ് അമരിന്ദര്‍ സിങ് കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ചത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യത്തിലാണ് അമരിന്ദര്‍ മത്സരിച്ചത്. പക്ഷേ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
2017ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഗോപാൽകൃഷ്ണ ഗാന്ധിയെ മത്സരിപ്പിച്ചെങ്കിലും അദ്ദേഹം വെങ്കയ്യ നായിഡുവിനോട് പരാജയപ്പെട്ടു. നായിഡു 516 വോട്ടുകൾ നേടിയപ്പോൾ ഗോപാൽകൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകൾ മാത്രമാണ് നേടാനായത്. ലോക്സഭയിലും രാജ്യസഭയിലും അംഗസംഖ്യയില്‍ മുന്നിലായതിനാല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സ്ഥാനാര്‍ഥി തന്നെ ഇത്തവണയും വിജയിക്കും.
ആഗസ്ത് 6നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂലൈ 19ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി.