പഞ്ചാബ് പിടിക്കാൻ മുൻ ഇന്ത്യൻ ഹോക്കി നായകൻ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് അമരീന്ദർ സിങ്
|അമരീന്ദർ സിങ്ങിന് കുടുംബവേരുകളും വ്യക്തിബന്ധങ്ങളുമുള്ള മാൽവ മേഖലയിൽ 26 സീറ്റാണ് ബിജെപി പിഎൽസിക്ക് അനുവദിച്ചിട്ടുള്ളത്
പുതിയ പാർട്ടി പഞ്ചാബ് ലോക് കോൺഗ്രസിന്റെ(പിഎൽസി) ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. 22 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുൻ ഹോക്കി ടീം നായകൻ അജിത് പാൽ സിങ് ആണ് പട്ടികയിലെ ഏറ്റവും പ്രമുഖൻ.
ബിജെപിയും ശിരോമണി അകാലിദളും(സംയുക്ത്-എസ്എഡി) ചേർന്നുള്ള സഖ്യത്തോടൊപ്പമാണ് പിഎൽഎസി പഞ്ചാബിൽ അങ്കത്തിനിറങ്ങുന്നത്. സഖ്യചർച്ചയിൽ ആകെ 117 മണ്ഡലങ്ങളിൽ 37 സീറ്റാണ് പിഎൽസിക്ക് അനുവദിച്ചിട്ടുള്ളത്. അഞ്ച് സീറ്റിനുകൂടിയുള്ള ചർച്ച നടന്നുവരികയാണ്.
അമരീന്ദർ സിങ്ങിന് കുടുംബവേരുകളും വ്യക്തിബന്ധങ്ങളുമുള്ള മാൽവ മേഖലയിലാണ് പിഎൽസിക്ക് കിട്ടിയ 26 സീറ്റും ഉൾപ്പെടുന്നത്. പഴയ പാട്യാല രാജകുടുംബത്തിന്റെ ആസ്ഥാനംകൂടിയായിരുന്നു ഇവിടെ. 2007 മുതൽ അമരീന്ദറിലൂടെ കോൺഗ്രസിന് സുരക്ഷിത മേഖലയായിരുന്നു ഇവിടെ. എന്നാൽ, ഇത്തവണ അമരീന്ദറിനെ തങ്ങളുടെ ക്യാംപിലെത്തിച്ചതിലൂടെ ഇവിടെ നേട്ടം കൊയ്യാനാകുമെന്നാണ് ബിജെപി കരുതുന്നത്.
പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ ഒരു വനിത മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ശിരോമണി അകാലിദൾ മുൻ എംഎൽഎ കൂടിയായ ഫർസാന ആലം ഖാനാണ് മാൽവയിലെ മലർകോട്ടയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അന്തരിച്ച പഞ്ചാബ് ഡിജിപി ഇസ്ഹാർ ആലം ഖാന്റെ ഭാര്യ കൂടിയായിരുന്നു ഇവർ.
ഓരോ മണ്ഡലങ്ങളിലും വലിയ രാഷ്ട്രീയ പാരമ്പര്യവും പ്രവർത്തന പരിചയവുമുള്ള നേതാക്കളെയാണ് സ്ഥാനാർത്ഥികളായി നിർത്തിയിട്ടുള്ളതെന്നാണ് അമരീന്ദർ പറഞ്ഞത്. വ്യക്തമായ ജയസാധ്യത നോക്കിയാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തതെന്നും ഇതോടൊപ്പം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് മതിയായ പ്രാതിനിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Amarinder Singh's Party Announces 1st List Of Candidates For Punjab Polls