ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമല്ല; രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം-അമർത്യാ സെൻ
|''നമുക്ക് ചുറ്റിലുമുള്ള സാഹചര്യങ്ങൾ ചരിത്രത്തെ മാറ്റിമറിക്കാനും മുസ്‌ലിം സ്വാധീനം ഇല്ലാതാക്കാനും ശ്രമിച്ചാലും, സത്യത്തെ തകർക്കാൻ കഴിയില്ലെന്ന് നമുക്കെല്ലാവർക്കും അറിയുന്നതാണ്.''
കൊൽക്കത്ത: രാജ്യത്തെ ന്യൂനപക്ഷ വിരുദ്ധവേട്ടയിൽ കടുത്ത ആശങ്കയുമായി നൊബൈൽ ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യാ സെൻ. ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമല്ല. രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ഭീതിപ്പെടുത്തുന്നതാണെന്നും രാജ്യത്ത് അഖണ്ഡത നിലനിർത്താനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും സെൻ പറഞ്ഞു. കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ അമർത്യാ സെൻ ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
''രാജ്യത്ത് ഭയപ്പെടാനുള്ള കാരണമുണ്ട്. ഞാൻ എന്തിനെയെങ്കിലും ഭയക്കുന്നുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ 'അതെ' എന്നായിരിക്കും എന്റെ മറുപടി. രാജ്യത്തെ നിലവിലെ സാഹചര്യം എനിക്ക് ഭയപ്പെടാനുള്ള കാരണമാണ്.''-അമർത്യാ സെൻ പറഞ്ഞു.
ഈ രാജ്യം ഒരുമിച്ചുനിൽക്കേണ്ടതുണ്ട്. ചരിത്രപരമായി തന്നെ ലിബറൽ നിലപാട് സ്വീകരിക്കുന്ന ഒരു രാജ്യത്ത് വിഭാഗീയത ഉടലെടുക്കരുതെന്നാണ് എന്റെ ആഗ്രഹം. നമ്മൾ ഒന്നിച്ചുനിന്ന് പ്രവർത്തിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്ക് ഹിന്ദുക്കളുടേതു മാത്രമാകാനാകില്ല. ഒപ്പം മുസ്‌ലിംകൾക്ക് ഒറ്റയ്ക്ക് ഇന്ത്യയെ നിർമിക്കാനുമാകില്ല. എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെയും ഭാഗമാണ് സഹിഷ്ണുത. എന്നാൽ, സഹിഷ്ണുതയ്ക്കപ്പുറം ഇപ്പോൾ ഇന്ത്യയ്ക്ക് വേണ്ടത് ഐക്യമാണ്.
മുഗൾ ചരിത്രം തിരുത്താനുള്ള നീക്കങ്ങൾക്കെതിരെയും അദ്ദേഹം തുറന്നടിച്ചു. നമുക്ക് ചുറ്റിലുമുള്ള സാഹചര്യങ്ങൾ ചരിത്രത്തെ മാറ്റിമറിക്കാനും മുസ്‌ലിം സ്വാധീനം ഇല്ലാതാക്കാനും ശ്രമിച്ചാലും, സത്യത്തെ തകർക്കാൻ കഴിയില്ലെന്ന് നമുക്കെല്ലാവർക്കും അറിയുന്നതാണെന്ന് അമർത്യാ സെൻ വ്യക്തമാക്കി.
Summary: 'India is not for Hindus only, current situation sause for fear', says Amartya Sen