സെപ്തംബർ 19 മുതൽ 2,000 രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ; കാരണമിതാണ്
|2016 നവംബർ എട്ടിന് നോട്ട് നിരോധനം നടപ്പാക്കിയതിന് പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്
ന്യൂഡൽഹി: സെപ്തംബർ 19 മുതൽ കാഷ് ഓൺ ഡെലിവറിയായി സാധനങ്ങൾ വാങ്ങുമ്പോൾ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. 2,000 രൂപ നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധി അവസാനിക്കുന്നതിനെ തുടർന്നാണ് തീരുമാനം. സെപ്തംബർ 30 നാണ് 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി അവസാനിക്കുന്നത്.
നിലവിൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും സെപ്തംബർ 19 മുതൽ കാഷ് ഓൺ ഡെലിവറി (cod) പേയ്‌മെന്റുകൾക്ക് 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ അറിയിച്ചു. എന്നാൽ തേർഡ് പാർട്ടി കൊറിയർ പങ്കാളി വഴിയാണ് ഓർഡർ ഡെലിവറി ചെയ്യുന്നതെങ്കിൽ 2,000 രൂപയുടെ നോട്ടുകൾ സ്വീകരിച്ചേക്കാമെന്നും ആമസോൺ അറിയിച്ചു.
ഈ മേയിലാണ് 2,000 രൂപ നോട്ടുകൾ നിർത്തലാക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30-നുള്ളിൽ നോട്ടുകൾ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യണമെന്നും ആർ.ബി.ഐ അറിയിച്ചിരുന്നു. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം നടത്തിയതിന് പിന്നാലെയാണ് 2000 രൂപയുടെ നോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയത്. ഇതുവരെ അച്ചടിച്ച 2000 രൂപ കറൻസി നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി സെപ്റ്റംബർ 1 ന് ആർബിഐ വ്യക്തമാക്കിയിരുന്നു.