അംബേദ്കർ തന്നെ വന്നു ഭരണഘടന ഇല്ലാതാക്കാന്‍ നോക്കിയാലും നടക്കില്ല-നരേന്ദ്ര മോദി
|ഗീതയെയും ബൈബിളിനെയും ഖുർആനെയും പോലെയാണ് ഈ സർക്കാർ ഭരണഘടനയെ കാണുന്നതെന്നും പ്രധാനമന്ത്രി മോദി
ജയ്പൂർ: ഭരണഘടന തിരുത്തുമെന്ന ബി.ജെ.പി എം.പിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പ്രതിപക്ഷ പ്രചാരണങ്ങള്‍ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിന് ഭരണഘടന ഭഗവത് ഗീതയും ബൈബിളും ഖുർആനുമെല്ലാമാണെന്ന് മോദി പറഞ്ഞു. അംബേദ്കർ വന്നാലും അതിനെ തിരുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലെ ബാർമറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. ''ബി.ആർ അംബേദ്കർ തന്നെ വന്നു ഭരണഘടന ഇല്ലാതാക്കാന്‍ നോക്കിയാലും നടക്കില്ല. ഗീതയെയും ബൈബിളിനെയും ഖുർആനെയും പോലെയാണ് ഈ സർക്കാർ ഭരണഘടനയെ കാണുന്നത്. ഭരണഘടനയെ കുറിച്ച് കള്ളം പ്രചരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.''-അദ്ദേഹം കുറ്റപ്പെടുത്തി.
താൻ പറയുന്നത് കുറിച്ചുവച്ചോളൂ എന്നു പറഞ്ഞാണു ഭരണഘടനാ ഭേദഗതിയെച്ചൊല്ലിയുള്ള വിവാദങ്ങളോട് മോദി പ്രതികരിച്ചത്. അംബേദ്കറെ തെരഞ്ഞെടുപ്പിൽ തോൽപിച്ച് അപമാനിച്ചവരാണ് കോൺഗ്രസ് എന്നും അദ്ദേഹം ആക്ഷേപിച്ചു. ഇതേ കോൺഗ്രസ് തന്നെയാണ് അടിയന്തരാവസ്ഥ നടപ്പാക്കിയത്. ഭരണഘടനാ ദിവസം മുന്നോട്ടുവച്ചത് താനാണ്. കോൺഗ്രസുകാർ പാർലമെന്റിൽ നിർദേശത്തെ എതിർത്തു സംസാരിച്ച പ്രസംഗങ്ങളുണ്ട്. അംബേദ്കറുമായി ബന്ധപ്പെട്ട പാഞ്ച് തീർഥ് വികസിപ്പിച്ചത് തന്റെ സർക്കാരാണെന്നും മോദി അവകാശപ്പെട്ടു.
പാർലമെന്റിൽ തന്റെയും സർക്കാരിൻരെയും പ്രവർത്തനം തടയാൻ ശക്തമായി പരിശ്രമിച്ച കോൺഗ്രസിനെ ശിക്ഷിക്കണമെന്നും മോദി റാലിയിൽ ആവശ്യപ്പെട്ടു. കോൺഗ്രസിനെ ഇല്ലാതാക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: ''Even if Baba Ambedkar himself comes, he cannot abolish Constitution'': Says PM Narendra Modi