ഗുവാഹത്തിയില്‍ 91 കോടി വിലമതിക്കുന്ന തിമിംഗല വിസര്‍ജ്യം പിടികൂടി
|ഗുവാഹത്തി കസ്റ്റംസ് ഡിവിഷനിലെ ഒരു സംഘമാണ് ഞായറാഴ്ച ഗുവാഹത്തിയിൽ നിന്ന് 11.56 കിലോഗ്രാം വരുന്ന ആംബര്‍ഗ്രിസ് പിടികൂടിയത്
ഗുവാഹത്തി: അസ്സമിലെ ഗുവാഹത്തില്‍ 91 കോടി വിലമതിക്കുന്ന തിമിംഗല വിസര്‍ജ്യം പിടികൂടി. ഗുവാഹത്തി കസ്റ്റംസ് ഡിവിഷനിലെ ഒരു സംഘമാണ് ഞായറാഴ്ച ഗുവാഹത്തിയിൽ നിന്ന് 11.56 കിലോഗ്രാം വരുന്ന ആംബര്‍ഗ്രിസ് പിടികൂടിയത്.
അന്താരാഷ്ട്ര വിപണിയിൽ 91 കോടി രൂപയാണ് ആംബർഗ്രീസിന്റെ ഏകദേശ മൂല്യമെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ഗുവാഹത്തി കസ്റ്റംസ് ഡിവിഷനിലെ ഡിവിഷണൽ പ്രിവന്റീവ് ഫോഴ്സാണ് പിടികൂടിയത്. മാലിദ്വീപ്, ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, മഡഗാസ്കർ, ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ കടൽത്തീരങ്ങളിലാണ് ആംബര്‍ഗ്രിസ് സാധാരണയായി കാണപ്പെടാറുള്ളതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) റിപ്പോർട്ട് പറയുന്നു.ഇന്ത്യയിൽ, 1972-ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഷെഡ്യൂൾ I പ്രകാരം ആംബർഗ്രിസ് വില്‍ക്കുന്നതും കൈവശം വയ്ക്കുന്നതും നിയമവിരുദ്ധമാണ്.
ചില രാജ്യങ്ങളിൽ ആംബർഗ്രിസും മറ്റ് തിമിംഗലങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും നിരോധിച്ചിരിക്കുന്നുവെങ്കിലും ചിലയിടങ്ങളിൽ ഇത് അനുവദനീയമാണ്. ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരകരാർ (CITES) അനുസരിച്ച് ആംബർഗ്രിസ് വ്യാപാരം വിലക്കിയിട്ടുണ്ട്. എന്നാൽ മാലിദ്വീപ്, ന്യൂസിലാന്റ്, ഗൾഫ് രാജ്യങ്ങൾ, ഫ്രാൻസ് എന്നിവിടങ്ങളിൽ വ്യാപാരം തുടരുന്നുണ്ട്. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമത്തിലെ സംരക്ഷണ പട്ടിക (ഷെഡ്യൂൾ) 2 -ൽ ആണ് എണ്ണത്തിമിംഗലങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ (ഫിക്സേറ്റീവ്) എന്ന നിലയിൽ സുഗന്ധ ദ്രവ്യവിപണിയിൽ ആംബര്‍ഗ്രിസിന് സ്വർണത്തേക്കാൾ വിലയുണ്ട്.ഇന്ത്യയിൽ, ആയുർവേദത്തിലും യുനാനി വൈദ്യശാസ്ത്രത്തിലും സുഗന്ധദ്രവ്യങ്ങളിലും മരുന്നുകളിലും ആംബർഗിസ് ഉപയോഗിച്ചിരുന്നു.ആദ്യമായി കടലിൽ എത്തുന്ന ആംബർഗ്രിസ് കൂടുതൽ ദൃഢവും മലത്തിന്റെ ഗന്ധമുള്ളതും ആയിരിക്കും. എന്നാൽ വർഷങ്ങളായി, ഒരുപക്ഷേ പതിറ്റാണ്ടുകളായി, കടലിൽ കിടക്കുമ്പോൾ ഇവ കൂടുതൽ മൃദുവാവുകയും സങ്കീർണ്ണമായ വാസനകൾ (നല്ല പുകയില, പഴകിയ തടി, കടൽ പായൽ, ചന്ദനം, തുടങ്ങിയവയുടെ) ആവാഹിക്കുകയും ചെയ്യും.