മട്ടുപ്പാവിൽ ഉണ്ടാക്കിയത് 250 കിലോ തക്കാളി; വിലക്കയറ്റത്തിനിടെ യുപി സ്വദേശി താരമാകുന്നു
|വിളവെടുത്ത തക്കാളി പ്രദേശവാസികൾക്ക് വിതരണം ചെയ്യുന്നുമുണ്ട്.
ലക്‌നൗ: വീടിന്റെ മട്ടുപ്പാവിൽ 250കിലോ തക്കാളി വിജയകരമായി ഉത്പാദിപ്പിച്ച് ലക്‌നൗ സ്വദേശി. വിക്രം പാണ്ഡെ എന്നയാളാണ് വീടിന്റെ ബാൽക്കെണിയിൽ 600 സ്ക്വയർ ഫീറ്റിൽ തക്കാളിത്തോട്ടം ഉണ്ടാക്കിയത്. രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്നത് പലരെയും ദുരിതത്തിലാക്കുമ്പോഴാണ് വിക്രം പാണ്ഡെയുടെ സംരംഭം ശ്രദ്ധേയമാകുന്നത്.
50 മുതൽ 60 വരെ തക്കാളി തൈകളാണ് പാണ്ഡെ വെച്ചുപിടിപ്പിച്ചത്. ചെടിയുടെ വളർച്ചാഘട്ടത്തിൽ കൃത്യമായി പരിപാലിക്കുകയും ചെയ്തു. തക്കാളി മാത്രമല്ല, നിരവധി പച്ചക്കറികളും പഴവർഗങ്ങളും പാണ്ഡെയുടെ മട്ടുപ്പാവിൽ തഴച്ചുവളരുന്നുണ്ട്. വിളവെടുത്ത തക്കാളി പ്രദേശവാസികൾക്ക് അദ്ദേഹം വിതരണം ചെയ്യുന്നുമുണ്ട്.
തക്കാളി വില കുതിക്കുന്ന സാഹചര്യത്തിൽ നേപ്പാളിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ തീരുമാനം. ആദ്യമായാണ് തക്കാളി ഇറക്കുമതി വേണ്ടിവരുന്നത്. കിലോയ്ക്ക് 242 രൂപ വരെയാണ് വില ഉയർന്നത്. ഇറക്കുമതിക്കുള്ള സൗകര്യം ചെയ്താൽ എത്ര തക്കാളി വേണമെങ്കിലും ഇന്ത്യയ്ക്ക് നൽകാമെന്ന് നേപ്പാൾ കൃഷിമന്ത്രാലയം അറിയിച്ചിരുന്നു.